ഇടുക്കി: പുറമെ നിന്നുള്ളവരുടെ സന്ദർശനത്തിന് കർശന നിയന്ത്രണമുള്ള സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ കയറി യു ട്യൂബർ വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ മൂന്നാർ ഡിഎഫ്ഒ പ്രാഥമിക അന്വേഷണം നടത്തി കേസ് പോലീസിനു കൈമാറും. തുടർന്ന് പോലീസ് കേസെടുക്കുമെന്നാണ് സൂചന.
സംസ്ഥാനത്ത് ഇതു വരെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഇടമലക്കുടി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ഡീൻ കുര്യാക്കോസ് എംപിയോടൊപ്പമാണ് യു ട്യൂബ് ചാനൽ ഉടമയായ സുജിത് ഭക്തൻ എത്തിയത്.
സംരക്ഷിത മേഖലയായ ഇവിടെ കടന്ന് വീഡിയോ ചിത്രീകരിച്ച യു ട്യൂബർക്കെതിരെയും എംപിക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫിന്റെ നേതൃത്വത്തിൽ ദേവികുളം സബ് കളക്ടർക്കും പോലീസിനും പരാതി നൽകിയിരുന്നു.
സംഭവത്തിൽ പരിസ്ഥിതി വാദികളും സന്നദ്ധ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇടമലക്കുടിയിൽ കുട്ടികൾക്കുള്ള പഠനോപകരണ വിതരണത്തിനായി എംപിയും സംഘവുമെത്തിയത്.
ഇവിടുത്തെ ട്രൈബൽ സ്കൂളിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തി. കുട്ടികൾക്ക് പഠനാവശ്യത്തിനായി ടിവി നൽകാനാണ് യൂ ട്യൂബറായ സുജിത് ഭക്തൻ സംഘത്തോടൊപ്പം എത്തിയതെന്ന് പറയുന്നു.
എന്നാൽ ഇതിനിടെ ആദിവാസിക്കുടിയുടെയും മറ്റും ചിത്രങ്ങൾ യുട്യൂബർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വച്ചു. ഇതോടെയാണ് സംഭവം വിവാദമായത്. ഇതോടെ സംഭവത്തിൽ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായി.
സംസ്ഥാനത്ത് കോവിഡ് വ്യാപകമായപ്പോഴും ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത പഞ്ചായത്താണ് ഇടമലക്കുടി. പുറമെ നിന്ന് ആളുകളെ പ്രവേശിപ്പിക്കാതെ കർശന നിയന്ത്രണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയത്.
ഇതിനു പുറമെ സന്ദർശനത്തിന് വനവകുപ്പ് വക നിയന്ത്രണങ്ങളുമുണ്ട്. ഇത് കണക്കിലെടുക്കാതെയാണ് ജന പ്രതിനിധിക്കൊപ്പം പുറമെ നിന്നുള്ളയാൾ എത്തിയതെന്നാണ് ആക്ഷേപം.
എന്നാൽ വിവാദം രാഷ്ട്രീയ പ്രേരിതമാണെന്നും യുട്യൂബ് ഉടമ കുട്ടികൾക്ക് പഠനത്തിനായി ടിവി നൽകുന്നതിനാണ് തനിക്കൊപ്പമെത്തിയതെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.