തിരുവനന്തപുരം: സ്വകാര്യ ചാനലിന്റെ ഫോൺ ഇൻ പ്രോഗ്രാമിനിടെ പരാതിക്കാരിയോടു അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് എം.സി ജോസഫൈൻ രാജിവച്ചതിനെ തുടർന്ന് ആരാകും പുതിയ വനിതാ കമ്മീഷൻ അധ്യക്ഷ എന്നത് ചർച്ചയായിരിക്കുകയാണ്.
സി.എം സുജാത, ടി.എൻ.സീമ എന്നിവരുടെ പേരുകൾ സജീവമായി കേൾക്കുന്നുണ്ട് എന്ന വാർത്തകൾക്കു പുറമേ സിപിഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ സൂസൻ കോടിയുടെ പേരാണ് സജീവ പരിഗണനയിലെന്ന് ചില മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
എന്നാൽ ഇത്തരം പ്രചാരണങ്ങൾക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് സൂസൻ കോടി. തീരുമാനമാകാത്ത വിഷയത്തിൽ അടിസ്ഥാനരഹിതമായ വാർത്ത പ്രചരിപ്പിക്കരുതെന്ന് തന്റെ ഫേസ്ബുക്കിലൂടെയാണ് അവർ പ്രതികരിച്ചത്.
വനിതാ കമ്മീഷൻ അധ്യക്ഷയായി തന്നെ തീരുമാനിച്ചിരിക്കുന്നുവെന്ന വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നുവെന്നും ഇങ്ങനെ തീരുമാനമാകാത്ത വിഷയത്തെ സംബന്ധിച്ച് അടിസ്ഥാനരഹിതമായ വാർത്ത പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നുവെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റ്.