കൊല്ലം : കരുനാഗപ്പള്ളിയിലേയും കുണ്ടറയിലേയും തോൽവിയുടെ കാരണങ്ങൾ വിലയിരുത്താൻ സിപിഎം സമിതിയെ ചുമതലപ്പെടുത്തി.
സംസ്ഥാനസമിതിഅംഗങ്ങളായി കെ.സോമപ്രസാദ് എംപി, എസ്.രാജേന്ദ്രൻ, എസ്.ശിവശങ്കരപ്പിള്ള എന്നിവരടങ്ങിയ സംഘമാണ് അന്വേഷിക്കുന്നത്.
കുണ്ടറയിൽ മന്ത്രിയായിരുന്ന മേഴ്സിക്കുട്ടിയമ്മയുടെ പരാജയം ജില്ലയിൽ സിപിഎമ്മിനേറ്റ കനത്ത പ്രഹരമായിരുന്നു. ഇവിടെ പാർട്ടിക്ക് പൊതുവേ വീഴ്ചയുണ്ടായതായി ആരോപണമുയർന്നിരുന്നു.
ആഴക്കടൽ മത്സ്യബന്ധനവിവാദം, കശുവണ്ടിമേഖലയിലെ പ്രശ്നങ്ങൾ ഉൾപ്പടെ നിരവധി വിഷയങ്ങൾ ഇവിടെ തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമായിരുന്നു.
ബിജെപിയുടെ വോട്ട് യുഡിഎഫിന് ലഭിച്ചെന്ന ആരോപണവും ഉയർന്നിരുന്നു. കരുനാഗപ്പള്ളിയിൽ സിപിഐ നേതാവ് ആർ.രാമചന്ദ്രന്റെ പരാജയവും പാർട്ടിയിൽ ചർച്ചയായിരുന്നു.
ഇവിടെ സിപിഎമ്മിലെ ഒരു വിഭാഗത്തിലേയും ബിജെപിയുടെയും വോട്ട് യുഡിഎഫിന് ലഭിച്ചെന്ന ആരോപണവും ശക്തമായി.
ആർ.രാമചന്ദ്രനും പ്രാദേശിക സിപിഎം നേതാക്കളും തമ്മിൽ അത്ര സുഖത്തിലായിരുന്നില്ലെന്നതും മണ്ഡലം നഷ്ടമാകാൻ കാരണമായാതായി കരുതപ്പെടുന്നു.
കരുനാഗപ്പള്ളിയിലും കുണ്ടറയിലും കോൺഗ്രസ് സ്ഥാനാർഥികളാണ് വിജയിച്ചത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളായി ഒരു സീറ്റ് ലഭിക്കാതിരുന്ന കോൺഗ്രസിന്റെ നാണക്കേട് ഇക്കുറി മാറി.
കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിന് സന്പൂർണപരാജയമായിരുന്നു. കരുനാഗപ്പള്ളി, കുണ്ടറ മണ്ഡലങ്ങളിലെ വിജയം പാർട്ടിക്ക് ജില്ലയിൽ ഉണർവ് പകർന്നിട്ടുണ്ട്.
മേഴ്സിക്കുട്ടിയമ്മയുടെ തോൽവി പാർട്ടി സംസ്ഥാനനേതൃത്വം ഗൗരവമായെടുത്തിരുന്നു. ജില്ലയിൽമുഴുവൻ സീറ്റുകളും നേടിയിരുന്ന എൽഡിഎഫിന് ഇക്കുറി ഇരവിപുരം ഒഴികെയുള്ള മണ്ഡലങ്ങളിൽ വൻവോട്ട് ചോർച്ചയും ഉണ്ടായിട്ടുണ്ട്. ഇതും പാർട്ടിവിശദമായി വിലയിരുത്തും.