പത്തനംതിട്ട: നിലവിലെ ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശംവച്ചിട്ടുള്ളവര് പിഴ കൂടാതെ എപിഎല്‍ വിഭാഗത്തിലേക്ക് മാറ്റേണ്ട അവസാന ദിവസം നാളെയാണ്.
നൂറുകണക്കിന് കാര്‍ഡുകളാണ് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ എപിഎല്‍ വിഭാഗത്തിലേക്ക് മാറ്റാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.
ബിപിഎല്‍ കാര്‍ഡിന് അര്‍ഹതയുണ്ടായിട്ടും പല കാര്‍ഡ് ഉടമകളും പിഴ ഭയന്നും എപിഎല്‍ വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റാന്‍ തയാറാകുന്നുണ്ട്.
നിലവില്‍ സര്‍ക്കാര്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഒരു മാനദണ്ഡം ഉണ്ടെങ്കില്‍ അങ്ങനെയുള്ളവര്‍ കാര്‍ഡ് കൈവശംവച്ചാല്‍ ഒരു കിലോഗ്രാം അരിക്ക് 67 രൂപ നിരക്കില്‍ നാളിതുവരെ വാങ്ങിയ അരിയുടെ വില പിഴയായി ഈടാക്കുമെന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ കൂട്ടത്തോടെ എപിഎല്‍ വിഭാഗത്തിലേക്കു മാറാന്‍ തയാറായത്.
അനധികൃതമായി കാര്‍ഡ് കൈവശം വച്ചിരിക്കുന്നത് ഉദ്യോഗസ്ഥരാണെങ്കില്‍ വകുപ്പ്തല നടപടി കൂടാതെ ക്രിമിനല്‍ കുറ്റം ചുമത്തുന്നതുമാണ്.
റേഷന്‍ വിതരണത്തെ ബാധിക്കുമെന്ന് വ്യാപാരികള്‍
പത്തനംതിട്ട: റേഷന്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ എപിഎല്ലിലേക്ക് മാറ്റുന്നത് ജില്ലയിലെ റേഷന്‍ വിതരണത്തെ സാരമായി ബാധിക്കുമെന്ന് ഓള് കേരള റേഷന്‍ റീട്ടെയില്‍ ഡീലേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടി.
നിലവിലെ ഉത്തരവനുസരിച്ച് നൂറുകണക്കിന് കാര്‍ഡുകളാണ് എപിഎല്‍ വിഭാഗത്തിലേക്ക് മാറ്റുന്നത്. ഇതില്‍ പല കാര്‍ഡുടമകള്‍ക്കും ജീവിക്കാന്‍ യാതൊരു സാഹചര്യവും വരുമാനവും ഇല്ലെങ്കിലും ഉത്തരവു പ്രകാരം എപിഎല്‍ പട്ടികയിലേക്ക് മാറ്റപ്പെടുകയാണെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് ജോണ്സന് വിളവിനാല്‍ പറഞ്ഞു.
ജില്ലയിലെ റേഷന്‍ വിതരണം ബിപിഎല്‍ കാര്‍ഡിന് അടിസ്ഥാനമാക്കിയാണ് നടക്കുന്നത.് എന്നാല്‍ ബിപിഎല്‍ കാര്‍ഡ് എപിഎല്ലിലേക്ക് മാറ്റിയാല്‍ കേന്ദ്രത്തില്‍നിന്ന് തരുന്ന ജില്ലയുടെ അലോട്ട്മെന്റില്‍ കാര്യമായ കുറവ് വരും. ഇത് റേഷന്‍ സംവിധാനത്തെ ദോഷകരമായി ബാധിക്കും.
സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ 1000 ചതുരശ്രഅടിക്കു മുകളില്‍ വീട് എന്നുള്ളതാണ് ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ നേരിടുന്ന പ്രശ്നം.
കുടുംബത്തിനു മൊത്തം പ്രതിമാസം 25,000 രൂപ വരുമാനമുള്ളവരും എപിഎല്‍ പട്ടികയിലാകും. എത്ര ബിപിഎല്‍ കുടുംബങ്ങളെ എപിഎല്ലിലേക്ക് മാറ്റിയോ അത്രയും കുടുംബങ്ങളെ വിലയിരുത്തുകയും അര്‍ഹതയുടെ അടിസ്ഥാനത്തില്‍ ബിപിഎല്ലിൽ തുടരാന്‍ അനുവദിക്കുകയുമാണ് വേണ്ടതെന്ന് ജോണ്സണ് പറഞ്ഞു.