സ്വന്തം ലേഖകൻ
പൂമല: മൈനർ ഇറിഗേഷൻ വകുപ്പിന്റെ പൂമല പത്താഴക്കുണ്ടിലുള്ള ക്വാർട്ടേഴ്സിൽ പ്രശ്നങ്ങൾ ഒട്ടും മൈനറല്ല, മേജറാണ്.
യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഈ ക്വാർട്ടേഴ്സിൽ ജോലി ആവശ്യങ്ങൾക്കായി എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിന്നെത്തുന്ന ജീവനക്കാർ നട്ടം തിരിയുന്ന കാഴ്ചയാണുള്ളത്.
ഈ ജില്ലകളിൽ നിന്നും എസ്.എൽ.ആർ വിഭാഗത്തിൽ പെട്ട മൂന്നു ജീവനക്കാർ വീതം മാസത്തിൽ പലതവണ എത്തി പത്താഴക്കുണ്ട് ഡാമിൽ ഇറിഗേഷൻ വകുപ്പിൽ ജോലി ചെയ്യണം.
നരകതുല്യമായ ക്വാർട്ടേഴ്സിലേക്ക് വരാൻ ആരും താത്പര്യപ്പെടുന്നില്ല. ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച ക്വാർട്ടേഴ്സിൽ ഒരു കസേര പോലുമില്ല. ഇരിക്കണമെന്ന് തോന്നിയാൽ നിലത്തിരുന്നോണം.
ജീവനക്കാർ ബക്കറ്റിനു മുകളിൽ പേപ്പർ വിരിച്ച് അതിനു മുകളിലിരുന്നാണ് വിശ്രമിക്കുന്നത്. ദാഹിച്ചാൽ തുള്ളി വെള്ളം കിട്ടില്ല എന്നതിനാൽ വരുന്നവർ നാലോ അഞ്ചോ കുപ്പി വെള്ളം കൈയിൽ കരുതുന്നു. പ്രാഥമിക ആവശ്യങ്ങൾക്കും ചിലപ്പോൾ ഈ വെള്ളം ഉപയോഗിക്കേണ്ടി വരും.
കിടക്കാൻ കട്ടിലൊന്നുമില്ലാത്തതിനാൽ തറയിൽ കിടക്കുക മാത്രമേ രക്ഷയുള്ളു. കൂട്ടിന് ഇഴജന്തുക്കൾ വേണ്ടത്രയുണ്ടാകും.മാസം എണ്പതോളം ജീവനക്കാർ വിവിധ ദിവസങ്ങളിലായി ഇവിടെ ജോലിക്കായി എത്തുന്നുണ്ട്.
ഡാമിന്റെ കാവലിനും ഡാമുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അധികൃതരെ അപ്പപ്പോൾ അറിയിക്കാനുമൊക്കെയായാണ് ജീവനക്കാർ മൂന്നു ജില്ലകളിൽ നിന്നായി പൂമല ഡാമിലേക്കും പത്താഴക്കുണ്ട് ഡാമിലേക്കും സേവനത്തിനായി അയക്കുന്നത്.
വടക്കാഞ്ചേരി മൈനൽ ഇറിഗേഷൻ വകുപ്പിനാണ് ഈ ക്വാർട്ടേഴ്സിന്റെ ചുമതല.ദൂരെ ദിക്കുകളിൽ നിന്നുമെത്തുന്ന ജീവനക്കാർക്ക് പലപ്പോഴും രാത്രി ഈ ക്വാർട്ടേഴ്സിൽ താമസിക്കേണ്ടി വരാറുണ്ട്. പേപ്പറും പായയുമൊക്കെ കൈയിൽ കരുതേണ്ടിവരും.
ഡാമിനു സമീപം ലോഡ്ജുകളൊന്നുമില്ലാത്തതും പ്രശ്നമാണ്. പത്തു കിലോമീറ്റർ അകലെയുള്ള വടക്കാഞ്ചേരിക്കോ മെഡിക്കൽ കോളജ് ഭാഗത്തേക്കോ പോയാൽ മാത്രമേ താമസിക്കാൻ ഇടം കിട്ടുള്ളു. ബസ് കിട്ടണമെങ്കിൽ പത്താഴക്കുണ്ടിൽ നിന്നും നാലു കിലോമീറ്റർ നടക്കണം.
ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും ഇനിയും ക്വാർട്ടേഴ്സിൽ പണികൾ ബാക്കിയാണ്. ഇവിടേക്കുഡ്യൂട്ടി കിട്ടുന്ന ജീവനക്കാർ നിവൃത്തിയില്ലാതെയാണ് ജോലിക്കെത്തുന്നത്.