കൊച്ചി: സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ തുടര്‍ച്ചയായി ഫാക്ടറിയിൽ പരിശോധന നടത്തി ബുദ്ധിമുട്ടിപ്പിക്കുന്നതിൽ പ്രതിഷേധിച്ചു ധാരണാപത്രം ഒപ്പിട്ട 3,500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍നിന്നു പിന്മാറുന്നതായി കിറ്റെക്സ് ഗ്രൂപ്പ് ചെയര്മാന് സാബു ജേക്കബ്.
കൊച്ചി, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലായി 5,000 പേര്‍ക്കു തൊഴില്‍ ലഭിക്കുന്ന മൂന്നു വ്യവസായ പാര്‍ക്കുകളും അപ്പാരല്‍ പാര്‍ക്കും തുടങ്ങാനായിരുന്നു ധാരണ. 2020ല്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തിലാണ് സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ 11 തവണയാണ് വിവിധ വകുപ്പുകള്‍ കിറ്റെക്സില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിരുന്നില്ല.
കൊള്ളക്കാരെയും കൊടുംകുറ്റവാളികളെയും തീവ്രവാദികളെയും പിടിക്കാന്‍ വരുന്ന രീതിയിലാണ് 26 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ പരിശോധനകളെല്ലാം നടന്നത്.
ഇപ്പോഴുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുതല്‍മുടക്കാനുള്ള തീരുമാനത്തില്‍നിന്നു പിന്നോട്ടുപോകാന്‍ നിര്ബന്ധിതരായിരിക്കുകയാണെന്നു സാബു ജേക്കബ് പത്രക്കുറിപ്പിൽ പറഞ്ഞു.