തൃശൂർ: ഒളിന്പ്യൻ മയൂഖ ജോണി ആരോപിച്ച ബലാൽസംഗ കേസ് വ്യാജമാണെന്നും മുരിയാട് എംപറർ ഇമ്മാനുവേൽ പ്രസ്ഥാനത്തിനു നേതൃത്വം നൽകുന്നവർ ആ പ്രസ്ഥാനം വിട്ടുപോയവർക്കെതിരേ നടത്തുന്ന കള്ളക്കേസാണതെന്നും ആരോപണം.
എംപറർ ഇമ്മാനുവേൽ എന്ന പ്രസ്ഥാനത്തിൽനിന്നു വിട്ടുപോയ മുൻ ചെയർമാനും മുൻ ട്രസ്റ്റിമാരും നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്.
തന്റെ സുഹൃത്തിനെ മുരിങ്ങൂർ സ്വദേശി ജോണ്സണ് പീഡിപ്പിച്ചെന്നാണ് കഴിഞ്ഞദിവസം ഒളിന്പ്യൻ മയൂഖ ജോണി ആരോപിച്ചത്.
മയൂഖ ജോണിയും കുടുംബവും 2010 മുതൽ മുരിയാട് എംപറർ ഇമ്മാനുവേൽ ‘സീയോൻ’ എന്ന ആത്മീയ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകരാണ്. ആ വിശ്വാസരീതി ഉപേക്ഷിച്ചവരെ കുടുക്കാനാണു കള്ളക്കേസ്.
പ്രസ്ഥാനത്തിന്റെ പ്രാരംഭകാലമായ 2007 മുതൽ 2017 വരെ ട്രസ്റ്റികളും ട്രസ്റ്റ് ഭാരവാഹികളും ആയിരുന്ന തങ്ങൾക്കെതിരേ കള്ളപ്പരാതിയാണെന്നു പോലീസ് അടക്കമുള്ള എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്.
കള്ളത്തെളിവുകൾ സൃഷ്ടിച്ചതിന്റെ തെളിവുകളും തങ്ങൾ പോലീസിനു കൈമാറിയിട്ടുണ്ട്.
പ്രസ്ഥാനത്തിന്റെ സ്ഥാപകനായിരുന്ന ജോസഫ് പൊന്നാർ 2017 ൽ മരിച്ചു. പിന്നീട് നേതൃസ്ഥാനം ഏറ്റെടുത്ത നിഷ എന്ന സ്ത്രീ അന്ധവിശ്വാസവും അബദ്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നതടക്കമുള്ള ദുർനടപടികളുമായി പൊരുത്തപ്പെടാതെയാണു തങ്ങൾ അടക്കമുള്ളവർ പ്രസ്ഥാനം വിട്ടതെന്ന് അവർ പറഞ്ഞു.
ആരോപണവിധേയനായ ജോണ്സണ് അടക്കം പ്രസ്ഥാനം വിട്ടവർക്കെതിരേയും തിരിച്ചും 2017 മുതൽ അന്പതോളം വ്യവഹാരങ്ങൾ നിലവിലുണ്ട്.
പ്രസ്ഥാനം വിട്ടവർക്കെതിരേ നൂറുകണക്കിനു കള്ളപ്പരാതികളും കേസുകളുമാണ് അവർ ഫയൽ ചെയ്തതെന്നും പ്രസ്ഥാനത്തിന്റെ ചെയർമാനായിരുന്ന ബിജു ഫിലിപ്പ്, അഡ്വ. സിറിയക് വർഗീസ്, ഷാജൻ പയ്യപ്പിള്ളി, എം.ജി. ആന്റണി, സാബു സെബാസ്റ്റ്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പീഡന പരാതിയിൽ ഉറച്ചുനിൽക്കുന്നു: മയൂഖ
തൃശൂർ: സഭാതർക്കത്തിന്റെ പേരിൽ ഒരു പെണ്ണും പീഡന പരാതി ഉന്നയിക്കില്ലെന്നു ഒളിന്പ്യൻ മയൂഖ ജോണി.
പ്രതിക്കു വലിയ സ്വാധീനമുണ്ടെന്നതിന്റെ തെളിവാണ് ജോണ്സന്റെ സുഹൃത്തുക്കളുടെ പത്രസമ്മേളനം. വ്യാജ തെളിവുകളുണ്ടാക്കിയാൽ നിയമനടപടി സ്വീകരിക്കുമെന്നും മയൂഖ പറഞ്ഞു.