കൊച്ചി: പെട്രോള്‍ വില നൂറില്‍ തൊട്ടതിന്റെ ആഘാതം കോവിഡ് കാലത്തു ജനത്തിന്റെ നടുവൊടിക്കുമ്പോള്‍, അടുക്കളകളെ ആകുലതയിലാഴ്ത്തുന്ന പാചകവാതക സബ്സിഡിയെക്കുറിച്ചും സര്‍ക്കാരിനു മൗനം.
2019 ഡിസംബറില്‍ നിലച്ച ഗാര്‍ഹിക പാചകവാതക സബ്സിഡി, ഇനിയെന്നു പുനരാരംഭിക്കുമെന്ന് എണ്ണക്കമ്പനികളും സര്‍ക്കാരും വ്യക്തമാക്കുന്നില്ല.
പെട്രോള്‍, ഡീസല്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്ക്കാണെന്നു പറയുമ്പോഴും എല്‍പിജി സബ്സിഡിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയമാണ്.
മുന്നറിയിപ്പില്ലാതെ സബ്സിഡി നിര്‍ത്തലാക്കിയ കേന്ദ്രസർക്കാർ ബജറ്റിനുശേഷവും അതു പുനരാരംഭിക്കുന്നതിനെക്കുറിച്ചു വ്യക്തമാക്കിയിട്ടില്ല.
വിവിധ സബ്സിഡികള്‍ ഘട്ടംഘട്ടമായി നിര്‍ത്താലാക്കുന്ന നയം പാചകവാതകത്തിന്റെ കാര്യത്തിലും നടപ്പാക്കുകയാണെന്ന് ആരോപണമുണ്ട്.
2019 ഡിസംബറില്‍ 720 രൂപയായിരുന്നു ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില. ഇതില്‍ നിശ്ചിത തുക സബ്സിഡിയായി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു തിരിച്ചെത്തിയിരുന്നു.
നിലവില്‍ കൊച്ചിയില്‍ പാചകവാതക സിലിണ്ടറിന്റെ വില 816 രൂപയാണ്. സബ്സിഡി നിലച്ചതിനാല്‍ എല്ലാവരും ഈ വില നല്‍കണം. വിവിധ സ്ഥലങ്ങളില്‍ സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെ 830 രൂപയോളം ഉപഭോക്താക്കള്‍ നല്കേണ്ടിവരുന്നുണ്ട്.
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു പണം നിക്ഷേപിക്കുന്ന ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) മുഖേനയാണ് എല്‍പിജി സബ്സിഡി തുക നല്‍കിയിരുന്നത്.
2015 ല്‍ ആരംഭിച്ച സബ്സിഡി വിതരണം അന്നു കേന്ദ്രസര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ചതാണ്. എല്‍പിജി വില ആയിരത്തിനു മുകളിലെത്തിയപ്പോള്‍ അഞ്ഞൂറു രൂപയോളം സബ്സിഡിയായി ബാങ്ക് അക്കൗണ്ടിലേക്കു തിരിച്ചെത്തിയിരുന്നു.
വര്‍ഷത്തില്‍ 12 സിലിണ്ടറുകള്ക്കാണു സബ്സിഡി നല്‍കിയിരുന്നത്. എല്‍പിജിയുടെ വിപണിവിലയും സബ്സിഡിയുള്ള സിലിണ്ടർ വിലയും തമ്മില്‍ കാര്യമായ വ്യത്യാസമില്ലാതായപ്പോഴാണു സബ്സിഡി നിര്‍ത്തലാക്കിയത്.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിൽ വില ഉയര്‍ന്നതും സബ്സിഡി നിലച്ചതും സാധാരണ എല്‍പിജി ഉപഭോക്താക്കള്‍ക്കു തിരിച്ചടിയായി. കഴിഞ്ഞ വര്‍ഷം സിലിണ്ടറിനു വില 865 രൂപ വരെ ഉയര്‍ന്ന ഘട്ടമുണ്ടായിരുന്നു. അപ്പോഴും സബ്സിഡി കിട്ടിയില്ല.
നിലവില്‍ വില എണ്ണൂറിനു മുകളിലായിട്ടും സബ്സിഡി പുനരാരംഭിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കാത്തതു കോവിഡില്‍ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ്.
സിജോ പൈനാടത്ത്