നെന്മാറ : വെള്ളമില്ലാതെ ഉണങ്ങിത്തുടങ്ങിയ തിരുവഴിയാട്, പുത്തൻ തറ, ഇടശ്ശേരി പറന്പ് തുടങ്ങിയ പാടശേഖരങ്ങളിലെ കർഷകർക്കാണ് കാലവർഷം കലികാല വർഷമായി മാറിയത്.
രണ്ടാഴ്ചയായി മഴ പിൻവാങ്ങിയതിനെ തുടർന്ന് നടീൽ കഴിഞ്ഞ പാടശേഖരങ്ങൾ വെള്ളമില്ലാതെ വിണ്ടുണങ്ങി തുടങ്ങിയതോടെ മങ്ങ്, കവട്ട, കോരപ്പുല്ല് തുടങ്ങിയ കളകളും നെൽച്ചെടികൾക്കിടയിൽ മുളച്ചുപൊങ്ങി തുടങ്ങിയതോടെ കർഷകർ ആശങ്കയിലായി.
വിണ്ടുകീറി ഉണക്ക ഭീഷണിയുടെ വക്കിൽ എത്തിയതോടെ വീട്ടു കിണറുകൾ തുടങ്ങി ലഭ്യമായ എല്ലാ ജലാശയങ്ങളിൽ നിന്നും വെള്ളം പന്പ് ചെയ്ത് വർഷകാലത്ത് കൃഷി ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തിയതായി തിരുവഴിയാടുള്ള കർഷകർ പറയുന്നു.
പാടശേഖരങ്ങളിൽ വെള്ളം പൂർണമായും വറ്റിയതോടെ വള പ്രയോഗത്തിന് കഴിയാതാവുകയും ചെയ്തു. നടീൽ കഴിഞ്ഞ് ആഴ്ചകൾ ആയതിനാൽ വളപ്രയോഗം വൈകിയാൽ അത് ഒന്നാം വിളയുടെ വിളവിനെ ബാധിക്കുമെന്നതും കർഷകരെ ആശങ്കയിലാക്കി.
ചെറിയ മഴ ചെയ്യുന്നുണ്ടെങ്കിലും നെൽപ്പാടങ്ങളിൽ വെള്ളം കെട്ടി നിർത്താൻ കഴിഞ്ഞില്ലെങ്കിൽ കള പെരുകുന്നതോടൊപ്പം കളനാശിനി പ്രയോഗത്തിനും കഴിയാത്ത സ്ഥിതിയായി. നെൽച്ചെടികളിൽ പുതിയ ചിനപ്പുകൾ (തളിരിലകൾ) വരാതെ നെൽച്ചെടികൾ കരുത്തില്ലാതെ നട്ട ചെടികളുടെ വലിപ്പത്തിൽ തന്നെ നിൽക്കുകയാണ്.
നെൽപ്പാടങ്ങളിൽ വെള്ളം പന്പ് ചെയ്യുന്നതിന് സ്വന്തമായി പന്പ് സെറ്റുകളോ കുളമോ കിണറോ സൗകര്യമില്ലാത്ത കർഷകരും പോത്തുണ്ടി അണക്കെട്ടിലെ വെള്ളമോ കാലവർഷം ശക്തിപ്പെടുന്നതൊ കാത്തിരിപ്പാണ്.
ഇന്ധന വിലവർധന ഡീസൽ, പെട്രോൾ ഉപയോഗിച്ചുള്ള പന്പ് സെറ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് കർഷകർക്ക് അധിക സാന്പത്തിക ചെലവിന് വഴിയൊരുക്കുന്നു.
ഉയർന്ന പ്രദേശങ്ങളിലുള്ള നെൽപ്പാടങ്ങളിൽ വെള്ളമില്ലാത്തതിനാൽ ഞാറ് പറിച്ച് നടാൻ കഴിയാത്ത സ്ഥിതിയും ചില സ്ഥലങ്ങളിൽ ഉണ്ടായിട്ടുണ്ട്.
ദിവസങ്ങൾക്കകം മഴ ശക്തമാകുമെന്ന കാലാവസ്ഥാ പ്രവചനത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് പ്രദേശത്തെ കർഷകർ.