സ്വന്തം ലേഖകൻ
തിരുവില്വാമല: ഇതു ജാനകിയുടേയും അവരുടെ അഞ്ചുമാസം പ്രായമായ പേരക്കുട്ടിയുടേയും ഉള്ളുപൊള്ളിക്കുന്ന ജീവിതമാണ്. സാക്ഷാൽ വില്വാദ്രിനാഥന്റെ നാട്ടിൽ “ജനകപുത്രി’യല്ലെങ്കിലും ഈ ജാനകി പ്രാർത്ഥനകളോടെ വിതുന്പുകയാണ്….ജീവിതത്തിലെ ദുരിതങ്ങളുടെ പുനർജനി നൂഴ്ന്ന് നല്ലകാലത്തേക്ക് എത്തിക്കണേയെന്നാണ് പ്രാർത്ഥന…
തിരുവില്വാമല പഞ്ചായത്തിലെ നാലാം വാർഡിൽ ഗാന്ധിഗ്രാം കോളനിയിലെ ഒറ്റമുറിവീട്ടിൽ ഷീജ-രാജേഷ് ദന്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ കളിചിരിയാണ് അല്പമെങ്കിലും സന്തോഷത്തിന്റെ വെളിച്ചം വിതറുന്നത്. അമ്മതൻ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം അറിയാതെയാണ് ഈ കുഞ്ഞു വളരുന്നത്.
ഈ കുഞ്ഞിനു ജൻമം നൽകിയതിനു ശേഷം അമ്മ ഷീജ ശരീരം തളർന്നു കിടപ്പിലായി. കുഞ്ഞിനെ പാലൂട്ടാൻപോലും ഷീജയ്ക്കായില്ല. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏറെ നാളത്തെ ചികിത്സയ്ക്കുശേഷം വീട്ടിലേക്കു കൊണ്ടുവന്നെങ്കിലും അസുഖം പൂർണമായും ഭേദപ്പെട്ടിരുന്നില്ല.
അതിനിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെതുടർന്ന് ഷീജയെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞിനെ നോക്കുന്നതു ഷീജയുടെ അമ്മ ജാനകിയാണ്.രണ്ടു പെണ്മക്കളെ ഒരുപാട് കഷ്ടപ്പാടുകൾക്കിടയിൽ കൂലിപ്പണിയെടുത്തു വളർത്തി വലുതാക്കിയ ജാനകി ഇപ്പോൾ പേരക്കുട്ടിയെ പൊന്നുപോലെ നോക്കി വളർത്തുന്നു.
ജാനകിയുടെ രണ്ടാമത്തെ മകളും വിവാഹിതയാണ്.ഷീജയുടെ ഭർത്താവ് രാജേഷിനു വാർക്കപ്പണിയാണ്. എന്നാൽ ലോക്ഡൗണും കോവിഡുമൊക്കെ കാരണം പണികൾ തീരെ ഇല്ലാതായി. ഷീജയുടെ ചികിത്സയ്ക്കും കുഞ്ഞിന്റ കാര്യങ്ങൾക്കുമെല്ലാം നല്ലൊരു തുക മാസം ആവശ്യമാണ്. ഇതു കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് രാജേഷ്.
ജാനകിയുടെ ഭർത്താവ് കേശവൻ ഒന്നര വർഷത്തോളം ശരീരം തളർന്നു കിടപ്പിലായിരുന്നു. അടുത്തിടെയാണ് മരിച്ചത്. ഭർത്താവിന്റെ അസുഖവും മരണവും മകളുടെ അസുഖവും എല്ലാം നിനച്ചിരിക്കാതെ ഈ വീട്ടിലേക്കു വന്നണഞ്ഞപ്പോഴും ജാനകി പിടിച്ചുനിന്നു.
മുൻഭാഗം പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് മേഞ്ഞ, മണ്കട്ട കൊണ്ട് കെട്ടിയ, തേയ്ക്കാത്ത ചൂമരുകളുള്ള ആ ഒറ്റമുറിവീടിന്റെ മുറ്റത്ത് അമ്മൂമ്മയുടെ ഒക്കത്തിരുന്ന് ആ പിഞ്ചു കുഞ്ഞ് ചിരിക്കുന്നു, ഒന്നുമറിയാതെ…തന്റെ അമ്മ, മനസിന്റെ താളം എവിടെയോ പിഴച്ച് ആശുപത്രിയിലാണെന്നറിയാതെ…
ആ കുഞ്ഞിനെ നോക്കി ജാനകി വില്വാദ്രിനാഥനെ വിളിച്ചു പ്രാർത്ഥിക്കുന്നു – ഈ ജാനകിയെ കൈവിടല്ലേ….