കണ്ണൂരിലെ സിനിമാത്തട്ടിപ്പില്‍ നായികനടിയും പെട്ടു ! ചോദിച്ചത് 10 ലക്ഷം നല്‍കിയത് ഒരു ലക്ഷം; സിനിമയെ വെല്ലുന്ന തട്ടിപ്പ് ഇങ്ങനെ…

കണ്ണൂര്‍ പേരാവൂരില്‍ മൂന്നംഗസംഘം നടത്തിയ സിനിമത്തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവരില്‍ നായികനടിയും.

കോയമ്പത്തൂര്‍ കോളേജിലെ ഒരു അസി. പ്രൊഫസറും ഇപ്പോള്‍ സിസ്റ്റം അനലിസ്റ്റുമായ എറണാകുളം വാഴക്കാല സ്വദേശിയായിരുന്നു സിനിമയിലെ നായിക.

മുമ്പേ സിനിമാമോഹം ഉള്ളില്‍ സൂക്ഷിച്ചിരുന്ന ഇവര്‍ ഓഡീഷന്‍ നടക്കുന്നുണ്ടെന്നറിഞ്ഞാണ് മനോജ് താഴെപ്പുരയിലിന്റെ പേരാവൂരിലെ വീട്ടിലെത്തിയത്.

സിനിമാത്തട്ടിപ്പിനും വഞ്ചാനാക്കുറ്റത്തിനും മനോജിനും കൂട്ടാളികളായ മോദി രാജേഷ്, ചോദി രാജേഷ് എന്നിവര്‍ക്കുമെതിരേ കൂത്തുപറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്.

ഓഡീഷന്‍ കഴിഞ്ഞശേഷം തന്നെ നായികയായി തിരഞ്ഞെടുത്തതായും പുതുമുഖ നായകനാണ് അഭിനയിക്കുന്നതെന്നും അവര്‍ പറഞ്ഞു. പക്ഷെ നായികയാക്കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് തട്ടിപ്പ് സംഘം പറയുകയായിരുന്നു.

10 ലക്ഷം എന്നു കേട്ടപ്പോള്‍ അഭിനയിക്കാനില്ലെന്ന് പറഞ്ഞതായി അധ്യാപിക പറയുന്നു. പക്ഷേ, സംഘം വിടാന്‍ തയ്യാറായില്ല. നിര്‍ബന്ധം പിടിച്ചു. അഞ്ചുലക്ഷം വേണമെന്നായി. അവസാനം ഒരുലക്ഷത്തിന് സമ്മതിക്കുകയായിരുന്നുവെന്ന് നടി പറഞ്ഞു.

2020 ഫെബ്രുവരിയില്‍ പേരാവൂരില്‍ വച്ചായിരുന്നു ആദ്യ ഷൂട്ടിംഗ്്. അമ്മയ്ക്കും രണ്ട് കസിനുമൊപ്പം വന്ന തനിക്ക് മനോജിന്റെ വീട്ടിലെ ഒരു മുറിയാണ് താമസിക്കാന്‍ തന്നതെന്ന് യുവതി പറയുന്നു.

തുടക്കത്തില്‍ തന്നെ സംശയങ്ങള്‍ തോന്നിയിരുന്നു. കൃത്യമായ സ്‌ക്രിപ്‌റ്റോ മറ്റു സംവിധാനങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. അധികം വൈകാതെ ഇതൊരു തട്ടിപ്പാണെന്ന് ബോധ്യപ്പെടുകയായിരുന്നു.

വെറുതെ എന്തൊക്കെയോ ഷൂട്ട് ചെയ്യുകയായിരുന്നു. 2020 നവംബറിലായിരുന്നു രണ്ടാമത്തെ ഷെഡ്യൂള്‍. വീട്ടില്‍ താമസിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു സ്ഥലമൊരുക്കിത്തന്നു.

അവിടെയും ഒരു മുറി മാത്രമായിരുന്നു. ചില ദിവസം ഭക്ഷണം പോലുംകിട്ടിയില്ല. ഇതേത്തുടര്‍ന്ന് ഞാന്‍ വഴക്കുകൂടി. തട്ടിപ്പിനെ കുറിച്ച് അവരുടെ വാട്‌സാപ് ഗ്രൂപ്പില്‍ എഴുതി. പലരും പറ്റിക്കപ്പെടുകയാണെന്നും പറഞ്ഞു.

ഇതോടെ തന്നെ ഗ്രൂപ്പില്‍നിന്ന് ഒഴിവാക്കിയതായും നടി പറയുന്നു. ബോബന്‍ ആലൂംമൂടന്റെ മകളായി അഭിനയിക്കുന്നതിന് പല കുട്ടികളുടെ രക്ഷിതാക്കളോടും ഇവര്‍ പണം വാങ്ങിയിരുന്നു.

പിണറായി സ്വദേശിയെയാണ് നായകനായി കൊണ്ടുവന്നത്. അയാളോടും അഞ്ചു ലക്ഷം ചോദിച്ചതായാണ് വിവരം. പക്ഷെ എത്ര കൊടുത്തെന്ന് അറിയില്ല. അഭിനയിക്കുന്നവരോട് പണം വാങ്ങി ഷൂട്ടിംഗ് ചെലവ് നടത്തുന്നതായിരുന്നു സംഘത്തിന്റെ രീതി.

താന്‍ ഇപ്പോള്‍ മൂന്നു സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നും രണ്ടാമത്തെ സിനിമ അടുത്ത ദിവസം ഇറങ്ങുമെന്നും നായികനടി പറഞ്ഞു. തട്ടിപ്പ് കമ്പനിയാണെന്ന് തോന്നിയതോടെ അതില്‍ നിന്ന് പിന്‍വലിയുകയായിരുന്നെന്നും നടി പറഞ്ഞു.

Related posts

Leave a Comment