വൈക്കം: നാലു മാസത്തോളം വൈക്കത്തു ജൂനിയര്‍ എസ്ഐ ആയിരുന്ന ആനി ശിവയുടെ അതിജീവനത്തിന്റെ കഥകള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നതുവരെ വൈക്കം പോലിസ് സ്റ്റേഷനിലെ സഹപ്രവര്‍ത്തകരും അറിഞ്ഞിരുന്നില്ല.
നാലു ദിവസം മുമ്പ് സ്ഥലമാറ്റമുണ്ടായി പോകുംവരെ ജീവിതത്തിലെ പ്രതിസന്ധികളോടു പടവെട്ടി ജീവിതം തിരിച്ചുപിടിച്ച സ്ത്രീരത്നമാണ് തങ്ങളുടെ സഹ പ്രവര്‍ത്തക എന്നു അവിടുത്തെ ഉദ്യോഗസ്ഥര്‍ അറി ഞ്ഞിരുന്നില്ല.
വിവാഹ മോചിതയായ ആനി ശിവ മകന് ശിവ സൂര്യയ്ക്കൊപ്പം വൈക്കത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഡ്യൂട്ടിയില്‍ തികഞ്ഞ പ്രതിബദ്ധത കാട്ടി പ്രസന്നവദനയായി കാണപ്പെടുന്ന ആനി ശിവയോടു സ്വകാര്യ ജീവിതത്തിലെ നൊമ്പരങ്ങള്‍ ചോദിക്കാന്‍ ആരും മുതിര്‍ന്നില്ല.
കൊച്ചിയില്‍നിന്നു മകനുമായി ബുള്ളറ്റില്‍ വൈക്കം സ്റ്റേഷനില്‍ എത്തുന്ന ആനിയെ സ്റ്റേഷനിലെ സഹപ്രവര്‍ത്തകരും തുടക്കത്തില്‍ വിസ്മയത്തോടെയാണ് കണ്ടിരുന്നത്.
നഗരത്തിലൂടെ പോലിസ് ഉദ്യോഗസ്ഥരെ പിന്നിലിരുത്തി ബുള്ളറ്റില്‍ പായുന്ന ആനി ശിവയെ പൊതുജനങ്ങളും ആദരവോടെയാണ് നോക്കി കണ്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുണ്ടായ സ്ഥലം മാറ്റത്തിന്റെ ഭാഗമായാണ് ആനി ശിവ വൈക്കം സ്റ്റേഷനിലേക്ക് ജൂനിയര്‍ എസ്ഐ ആയി എത്തുന്നത്. സിഐ ബി.എസ്. സജിമോന്റെ കീഴില്‍ കേസന്വേഷങ്ങളിലും അവര്‍ വ്യാപൃതയായി.
മുടി പറ്റെവെട്ടി ബുള്ളറ്റില്‍ പായുന്ന ആനി ശിവ സ്ത്രീയാണെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസിലാകില്ല. സ്റ്റേഷനിലെ ജീപ്പെത്താന് വൈകിയപ്പോള്‍ പുളിഞ്ചുവട്ടിലെ വാടക വീട്ടില്‍നിന്നു മെയിന്‍ റോഡിലേക്കു യൂണിഫോം ധരിച്ചു രാത്രി നടന്നു പോയ ആനി ശിവ യുവാവാണെന്ന് സി.കെ. ആശ എംഎല്‍എയും തെറ്റിധരിച്ച സംഭവമുണ്ട്.
കാറിലെത്തിയ എംഎല്‍എ മോനെ എവിടേയ്ക്കാണെന്ന് ചോദിച്ചു. രാത്രി പട്രോളിംഗിനു പോകുകയാണെന്നു പറഞ്ഞപ്പോള്‍ സ്റ്റേഷനില്‍ വിടാമെന്ന് എംഎല്‍എ പറഞ്ഞെങ്കിലും ആനി ശിവ കൂടെ പോയില്ല.
വഴിയുടെ ഓരത്തുകൂടി നടന്നു വന്ന ആനിയും കാറില്‍ വന്നത് വൈക്കം എംഎല്‍എയാണെന്ന് അറിഞ്ഞിരുന്നില്ല. ഡ്യൂട്ടിയില്‍ കര്ശനക്കാരിയാകുമ്പോഴും മകന് ഏഴാം ക്ലാസുകാരന് ശിവ സൂര്യയുടെ കാര്യത്തില്‍ ഏറെ കരുതലുള്ള അമ്മയാണ് ആനി.
വൈക്കം പോലിസ് സ്റ്റേഷന് വളപ്പിലെ മുത്തശിമാവില് നിന്നു വീഴുന്ന ചക്കര മാങ്ങകള്‍ പെറുക്കി കഴുകി കൂടിലാക്കി ആനി ഭദ്രമായി വയ്ക്കും.
മകന് ശിവ സൂര്യയ്ക്ക് മാങ്ങാ പഴം ഏറെ ഇഷ്ടമായതിനാല്‍ വിഷമയമില്ലാത്ത മാങ്ങ പെറുക്കിക്കൂട്ടി മകനു നല്‍കുകയായിരുന്നു.
വൈക്കം കായലും ക്ഷേത്രനഗരിയും സ്നേഹ സമ്പന്നരായ സാധാരണക്കാരും തന്റെ മനസില്‍ ഇടം പിടിച്ചിട്ടുണ്ടെന്നും വീണ്ടും വൈക്കത്തു വരുമെന്നറിയിച്ചാണ് ആനി ശിവ മടങ്ങിയതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.