തിരുവനന്തപുരം : ഏജീസ് ഓഫീസ് ജീവനക്കാരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ ഇനിയും പിടികൂടാത്തതിൽ പോലീസിനെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
പ്രദേശവാസികളായ പ്രതികളെ പോലൂം പിടികൂടാന്‍ കഴിയാത്ത പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് കെ.സുധാകരൻ പറഞ്ഞു. തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് അക്രമം നടന്നത്.
ആക്രമണത്തിനിരയായ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു കെ.സുധാകരന്റെ പ്രതികരണം. അതേസമയം കൂടുതല്‍ സുരക്ഷിതത്വമുള്ള പ്രദേശത്തേക്ക് താമസം മാറ്റാനുള്ള തീരുമാനത്തിലാണെന്ന് അക്രമത്തിനിരയായവർ മാധ്യമങ്ങളോടു പറഞ്ഞു.
കഴിഞ്ഞ ദിവസം സംശയമുള്ള ആളുകളുടെ ഫോട്ടോകൾ പോലീസ് സംഘം ഏജീസ് ഓഫീസിലെ ജീവനക്കാരെ കാണിച്ചു. പേട്ട സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം .
ഇയാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് റോഡിലൂടെ കുടുംബസമേതം നടന്ന് പോയ ഏജിസ് ഓഫീസിലെ ഹരിയാനാ സ്വദേശിയായ ജീവനക്കാരന്റെ ഭാര്യയെ ബൈക്കിലെത്തിയ സംഘം അപമാനിക്കാൻ ശ്രമിച്ചത്.
ഇത് ചോദ്യം ചെയ്തതോടെ അക്രമിസംഘം ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
പേട്ട സിഐ സുധി ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്വങ്ങൾ പോലീസ് ശേഖരിച്ച് പരിശോധിച്ച് വരികയാണ്. അക്രമി സംഘത്തെ പിടികൂടാൻ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചു.