കൊല്ലം: നഗരമധ്യത്തിൽ കഞ്ചാവ് വ്യാപാരം നടത്തിവന്ന മുൻ കഞ്ചാവ് കേസുകളിലെ പ്രതികൾ നാല് കിലോയോളം കഞ്ചാവുമായി അറസ്റ്റിൽ.
കൊല്ലം ചിന്നക്കട പ്രൈവറ്റ് ബസ് ടെർമിനലിനു സമീപം താമസിക്കുന്ന ഉണ്ണിയെന്നു വിളിക്കുന്ന അനിൽകുമാർ (60 ), സഹായി നീണ്ടകര വേട്ടുതറ സ്വദേശി സുരേഷ്കുമാർ (52 ) എന്നിവരെയാണ് നാലുകിലോയോളം കഞ്ചാവുമായി കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും പാർട്ടിയും ചേർന്നു അറസ്റ്റു ചെയ്തത്.
ഉണ്ണിയും സഹായിയും തമിഴ്നാട്ടിൽ പോയി വൻതോതിൽ കഞ്ചാവ് കടത്തികൊണ്ടുവന്നു വീട്ടിൽ സൂക്ഷിച്ചു വിൽപ്പന നടത്തി വരുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധനക്ക് എത്തിയത്.
എക്സൈസ് സംഘം എത്തുന്പോൾ കഞ്ചാവു അടങ്ങിയ പ്ലാസ്റ്റിക്ക് സഞ്ചി അടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിപ്പിച്ച് വയ്ക്കുന്നതിനായി ഉണ്ണി സുരേഷിന്റെ കയ്യിലേക്ക് കൊടുത്തു വിടാൻ ശ്രമിക്കുകയായിരുന്നു.
പുലർച്ചെകൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ മാർഗ്ഗം കടത്തികൊണ്ടുവന്ന കഞ്ചാവ് ഒളിപ്പിച്ചു വച്ച് കുറേവിൽപ്പന നടത്തി. ബാക്കിവന്ന കഞ്ചാവ് ഒളിപ്പിച്ച് വയ്ക്കുന്നതിനായി കൊണ്ടുപോകുവാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.
തമിഴ്നാട്ടിൽ നിന്നും നാലു കിലോ കഞ്ചാവ് 50000 രൂപായ്ക്ക് വാങ്ങിയതാണെന്നും ഇവിടെ 50 ഗ്രാമിനു 3000 രൂപാ നിരക്കിലും കിലോക്ക് 50000 രൂപാ നിരക്കിലും വിൽപ്പന നടത്തുമെന്ന് പ്രതികൾ പറഞ്ഞു.