സ്വന്തംലേഖകന്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്നു പാഠമുള്‍ക്കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ ബിജെപി.
രണ്ടര വര്‍ഷത്തിനു ശേഷമാണ് ലോക്സഭാ തെരഞ്ഞെടുപ്പെങ്കിലും ബൂത്തുതലം മുതല്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
കേന്ദ്രനേതാക്കള്‍ ഇത് സംബന്ധിച്ചുള്ള നിര്‍ദേശം കഴിഞ്ഞ ദിവസം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആറിന് കാസര്‍ഗോട്ട് സംസ്ഥാന ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ബൂത്തുതലം മുതലുള്ള പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണന്, കേന്ദ്രമന്ത്രി വി.മുരളീധരന് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കു പൂജ്യം വോട്ടുകള്‍ ലഭിച്ച സംസ്ഥാനത്തെ 318 ഓളം ബൂത്തുകളില്‍ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ബൂത്തുകളുടെ ചുമതലയുണ്ടായിരുന്നവരെ മാറ്റി നിര്‍ത്തി പകരം പുതിയ നേതാക്കളെ ചുമതലപ്പെടുത്തും. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ചു നടപ്പാക്കും.
ധനസഹായങ്ങളും ക്ഷേമപദ്ധതികളും അര്‍ഹരായവര്‍ക്ക് നേടിക്കൊടുക്കുന്നതിനു കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താനും ബൂത്ത് കമ്മിറ്റികളെ സജ്ജമാക്കും.
ഇതിനുള്ള നിര്‍ദേശങ്ങള്‍ ഓരോ ജില്ലാ കമ്മിറ്റിക്കും നല്‍കുമെന്നും സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. ഇക്കാര്യങ്ങളുള്‍പ്പെടെ അടുത്ത ദിവസം ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.
സംസ്ഥാന സര്‍ക്കാരിനെതിരേ ബൂത്ത്തലത്തില്‍ സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലും തീരുമാനിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്തും സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ടും മരം മുറി കേസിലെ പങ്ക് സംബന്ധിച്ചും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ചുമാണ് സമരം നടത്തുക.
50,000 കേന്ദ്രങ്ങളില്‍ സമരം സംഘടിപ്പിക്കും. ഓരോ ബൂത്തിലും രണ്ടു കേന്ദ്രങ്ങളില്‍ സമരം നടത്തും. ഇവിടെ അഞ്ചു മുതല്‍ 10 വരെ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സമരം.
രണ്ടിനു യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സമരം നടക്കുക. സ്വര്‍ണക്കടത്തില്‍ സിപിഎമ്മിനും യുവജന സംഘടനയായ ഡിവൈഎഫ്ഐയ്ക്കുമുള്ള പങ്ക് പൊതുസമൂഹത്തിനു വ്യക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവജന പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്.
മരംമുറി കേസും ഐഎസ് സാന്നിധ്യവുമെല്ലാം സമരത്തില്‍ പ്രതിബാധിക്കും. മൂന്നിന് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ വനിതകളെയും യുവതികളെയും ഉള്‍പ്പെടുത്തികൊണ്ടും സമരം നടത്തും.
സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിലൂന്നിയാണ് വനിതകളെ ഉള്‍പ്പെടുത്തിയുള്ള സമരം. മരം മുറി വിഷയത്തില്‍ നേരത്തെ ബിജെപി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
15,000 കേന്ദ്രങ്ങളിലായിരുന്നു അന്ന് മരം മുറിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ ബിജെപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്