കോഴിക്കോട്: സംസ്ഥാനത്തിന്റെ വാണിജ്യ-വ്യവസായ മുന്നേറ്റത്തിന് കരുത്ത്പകര്‍ന്ന് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹ്രസ്വദൂര കണ്ടെയ്നര്‍ കപ്പല്‍ ബേപ്പൂരിലെത്തി.
രണ്ടരവര്‍ഷത്തിന് ശേഷമാണ് കൊച്ചിയില്‍ നിന്ന് ബേപ്പൂര്‍- അഴീക്കല്‍ തുറമുഖങ്ങളിലേക്ക് കണ്ടെയ്നര്‍ കപ്പല്‍ സര്‍വീസ് ആരംഭിച്ചത്.
കൊച്ചി വല്ലാർപാടം കണ്ടൈയ്നർ ടെർമിനലിൽ നിന്ന് 42 കണ്ടൈയ്നറുകളുമായി “ഹോപ്പ് ദ സെവൻ’ വ്യാഴാഴ്ച പുലർച്ചെ നാലര മണിയോടെയാണ് ബേപ്പൂരിന് സമീപം പുറംകടലിലെത്തിയത്.
രാവിലെ ആറുമണിയോടെ “മിത്രാ’ ടെഗ്ഗ് പുറം കടലിൽ ചെന്ന് കപ്പലിനെ ബേപ്പൂർ തുറമുഖത്തേക്ക് പൈലറ്റ് ചെയ്തു. കപ്പൽ ചാലിന് ആഴം കുറവായതിനാൽ വേലിയേറ്റ സമയം നിരീക്ഷിച്ചാണ് ടെഗ്ഗ് പൈലറ്റ് ഗണേശ്, ടെഗ്ഗ് മാസ്റ്റർ രാജേഷ് , ഡ്രൈവർമാരായ ബഷീർ, സത്യൻ എന്നിവർ ചേർന്ന് കപ്പലിനെ തുറമുഖത്തേക്ക് പൈലറ്റ് ചെയ്തത്.
മലബാറിലെ വിവിധ ജില്ലകളിലേക്ക് 42 കണ്ടെയ്നറുകളുമായാണ് കപ്പൽ എത്തിയത്. ടൈൽസ്, സാനിറ്ററി ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, പ്ലൈവുഡ്, ടയർ എന്നിവയാണ് ചരക്കുകൾ.
ബേപ്പൂരിൽ 20 കണ്ടൈനർ ഇറക്കി ബാക്കി അഴീക്കൽ തുറമുഖത്തുമാണ് ഇറക്കുക . വെള്ളിയാഴ്ച അഴിക്കൽ തുറമുഖത്തേക്ക് തിരിക്കുന്ന കപ്പലിന്റെ യാത്രയയപ്പ് ചടങ്ങ് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ലാഗ് ഓഫ് ചെയ്യും . മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയാവും .
കുറഞ്ഞ ചിലവിൽ ജലഗതാഗത ചരക്കുനീക്കം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കപ്പൽ ചരക്കു കടത്ത് സർവീസ് കേന്ദ്ര ഷിപ്പിംഗ് മന്ത്രി മൻസൂഖ് മാണ്ഡവ്യ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.