തലശേരി: പതിനഞ്ചുകാരിയ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ അതിസമ്പന്നനായ വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) ന്റെ ആശുപത്രിവാസം നാലാം ദിവസത്തിലേക്ക്.
പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പ്രതിയെ ഇന്നലെ രാത്രി ആൻജിയോ ഗ്രാമിന് വിധേയമാക്കി.
പരിശോധനയിൽ തകരാറുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പ്രതിയെ ഡിസ്ചാർജ് ചെയ്യുന്നതിന് ആരോഗ്യപരമായ തടസങ്ങളില്ലെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
പരിശോധനകൾ നീളുന്നു
ഇസിജി വേരിയേഷൻ കണ്ടെത്തിയതായുള്ള തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് ഷറാറ ഷറഫുവിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
അറസ്റ്റിലായ ദിവസം ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഏഴ് മണിക്കൂർ കുടുംബാംഗങ്ങൾക്കൊപ്പം കഴിയാൻ സൗകര്യമൊരുക്കിയതിനു പിന്നാലെയാണ് പരിയാരം മെഡിക്കൽ കോളജിലെ പ്രതിയുടെ വാസം നാലാം ദിവസത്തിലേക്ക് കടന്നിട്ടു ള്ളത്.
ഒരോ പരിശോധനകളുടെ പേരിലാണ് ഒരോ ദിവസവും തള്ളി നീക്കുന്നത്.
ഉന്നതങ്ങളിൽ നീക്കങ്ങൾ
ഇതിനിടയിൽ പ്രതിയെ രക്ഷിക്കാനുള്ള ഉന്നതരുടെ നീക്കം കൂടുതൽ സജീവമായി. ആശുപത്രി വാസത്തിനിടയിൽ ജാമ്യം നേടാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇതിനിടയിൽ അന്വഷണ ഉദ്യോഗസ്ഥന്മാരെ സ്വാധീനിക്കാൻ വയനാട്ടിലേയും പാനൂരിലേയും പ്രമുഖർ രംഗത്തെത്തി.
വൻ ഓഫറുകളാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്. എന്നാൽ പാവം പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ സഹായിക്കാൻ തങ്ങൾക്കാവില്ലെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. അങ്ങനെയുള്ള പണം ഞങ്ങൾക്ക് വേണ്ട… ഒരു ഉദ്യോഗസ്ഥൻ ഒരു പ്രമുഖനോട് തുറന്നടിച്ചു.
തലശേരി ജനറൽ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലും പ്രതിക്ക് ലഭിച്ചിട്ടുള്ള സുഖ സൗകര്യങ്ങളെകുറിച്ച് വിവിധ വകുപ്പുകൾ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കേസിൽ റിമാൻഡിൽ കഴിയുന്ന മറ്റൊരു പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി ധർമ്മടം പോലീസ് കോടതിയിൽ ഹരജി നൽകി. ഷറാറ ഷറഫുവിനെതിരേ ഉയർന്നിട്ടുള്ള മറ്റ് പീഡന സംഭവങ്ങളെക്കുറിച്ചും പോലീസ് അന്വഷണം നടത്തുന്നുണ്ട്.
തിങ്കളാഴ്ച ഉച്ചക്ക് ധർമടം സിഐ അബ്ദുൾ കരീം അറസ്റ്റ് ചെയ്ത ഷറാറ ഷറഫുവിനെ ദേഹപരിശോധനക്കായി ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ ഏഴ് മണിക്കൂർ അത്യാഹിത വിഭാഗത്തിൽ കിടത്തിയ സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കെതിരെ പോലീസ് രഹസ്യാന്വഷണ വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകി.
രാത്രി ഡ്യൂട്ടിക്കെത്തിയ വനിത ഡോക്ടർ പോക്സോ കേസിലെ പതിക്ക് ലഭിക്കുന്ന അമിത സൗകര്യങ്ങൾക്കെതിരെ പ്രതിഷേധിച്ചതും സജീവ ചർച്ചയായിട്ടുണ്ട്.
പീഡനവുമായി ബന്ധപ്പെട്ട് കതിരൂർ, ധർമ്മടം പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് കേസുകളിലും പോലീസ് അന്വഷണം ഊർജിതമായി നടക്കുകയാണ്.
ഷറാറ ഷഫുദ്ദീൻ ജില്ലാ സെഷൻസ് കോടതിയിൽ (അതിവേഗ കോടതി -ഒന്ന്) നൽകിയ ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും. കഴിഞ്ഞ മാർച്ച് 25 നാണ് ഷറാറ ഷറഫു പ്രതിയായ കേസിനാസ്പദമായ സംഭവം നടന്നത്.