രാജേഷ് രണ്ടാര്‍
മൂവാറ്റുപുഴ: കാല്‍നൂറ്റാണ്ടു പിന്നിടുമ്പോഴും ചുരുളഴിയാതെ ആര്‍ഡിഒ പി.എസ്. സന്തോഷിന്റെ ദുരൂഹ മരണം. പോലീസിൽ തുടങ്ങി സിബിഐ വരെ അന്വേഷിച്ച കേസിൽ പക്ഷേ ഇതുവരെ മരണത്തിന്റെ നിജസ്ഥിതി കണ്ടെത്താനായില്ല.
സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയ ആര്‍ഡിഒ ക്വാര്‍ട്ടേഴ്സ് ആരും തിരിഞ്ഞു നോക്കാനില്ലാതെ ഇപ്പോഴും അനാഥമായിക്കിടക്കുകയാണ്.
ദുരൂഹമരണത്തിനു ശേഷം ക്വാര്‍ട്ടേഴ്സില്‍ താമസിക്കാന്‍ ഇതുവരെ ആരും തയാറായിട്ടില്ല. കാടുപിടിച്ച് കിടക്കുന്ന ഇവിടേക്ക് ആരും തിരിഞ്ഞുനോക്കാറുമില്ല.
മരിച്ചതെങ്ങനെ?
സന്തോഷിന്റെ അഴുകിയ മൃതദേഹം ആര്‍ഡിഒ ക്വാര്‍ട്ടേഴ്സില്‍ കണ്ടെത്തിയത് 1995 മേയ് 20 നായിരുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നു.
ആര്‍ഡിഒയുടെ മരണം കൊലപാതകമാണെന്നും ആത്മഹത്യയാണെന്നും ഹൃദയസ്തംഭനം മൂലമുള്ള സ്വാഭാവിക മരണമാണെന്നുമൊക്കെ വിശദീകരണങ്ങളും അനുബന്ധ കഥകളും നാട്ടില്‍ പ്രചരിച്ചിരുന്നു.
പോലീസ് ഉൾപ്പെടെ നിരവധി അന്വേഷണ സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. സന്തോഷിന്റെ അമ്മ നടത്തിയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ സിബിഐയും കേസ് അന്വേഷിച്ചു.
കൊലപാതകമാണെന്നും ആത്മഹത്യയാണെന്നും അന്വേഷണ സംഘങ്ങള്‍ രണ്ടു നിഗമനങ്ങളിലുമെത്തി. എന്നാല്‍ എല്ലാവര്ക്കും വിശ്വസനീയമായ വിധത്തിലുള്ള റിപ്പോര്‍ട്ട് ആരില്‍ നിന്നുമുണ്ടായില്ല.
ഒരു റിപ്പോര്‍ട്ടിനും സന്തോഷിന്റെ അമ്മയ്ക്കും പൊതുജനത്തിനുമുള്ള സംശയങ്ങള്‍ക്ക് പൂര്‍ണമായി മറുപടി നല്കാന് കഴിഞ്ഞില്ല.
സന്തോഷ് മരിച്ചുവെന്നു പറയുന്ന 1995 മേയ് 17ന് ആത്മഹത്യ ചെയ്യാന്‍ തക്കവിധത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ സന്തോഷിനുണ്ടായിരുന്നില്ലെന്ന് ആ ദിവസം രാത്രി വൈകിയും അദേഹത്തിനൊപ്പമുണ്ടായിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.
മരിച്ചെന്നറിയുന്നത് മൂന്നു ദിവസം കഴിഞ്ഞ്
സിബിഐ നിയോഗിച്ച മാനസികാരോഗ്യ വിദഗ്ദരുടെ സംഘവും ആത്മഹത്യയിലേക്കു നയിക്കുന്ന മാനസിക സമ്മർദത്തിലല്ലായിരുന്നില്ല സന്തോഷ് എന്ന പഠന റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇനി ആത്മഹത്യ ചെയ്തുവെങ്കില്‍ പോലും ഇത് എന്തിനായിരുന്നുവെന്നതിന് വിശ്വസനീയമായ ഒരു കാരണം കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായില്ല.
സന്തോഷിന്റെ മൃതദേഹം ധൃതിപിടിച്ച് ദഹിപ്പിച്ചതും അന്വേഷണ സംഘങ്ങള്‍ തന്നെ വ്യത്യസ്തമായ കണ്ടെത്തലുകള്‍ നടത്തിയതും, തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമവുമൊക്കെ നിറമുള്ള കഥകള്‍ക്ക് ഊടും പാവും നല്കി.
17 ന് മരിച്ച ആര്‍ഡിഒയെ 20നാണ് മരിച്ച നിലയില്‍ കണ്ടെത്തിയുള്ളുവെന്നതും അതുവരെ അദേഹത്തെ ആരും അന്വേഷിച്ചില്ലായെന്നതുമൊക്കെ സംശയങ്ങള്‍ക്ക് ബലമേകി.
ഓരോ ദിവസവും സമൂഹത്തില്‍ മാന്യന്മാരായിരുന്നവരെ പോലും സംശയിക്കുന്ന വിധത്തില്‍ കഥകള്‍ പ്രചരിച്ചു. ഇവരൊക്കെ ഇപ്പോഴും സംശയത്തിന്റെ പുകമറയില്‍ തന്നെ നില്ക്കുന്നു
. നാല് അന്വേഷണ സംഘങ്ങള്‍ മാറി മാറി അന്വേഷിച്ചപ്പോഴൊക്കെ നിരവധി പേര് സമൂഹത്തിനു മുന്നില്‍ കുറ്റവാളികളായി ചിത്രീകരിക്കപ്പെട്ടു. എന്നെങ്കിലുമൊരിക്കല്‍ സത്യാവസ്ഥയെന്തെന്ന് പുറത്തു വരുമെന്നുള്ള വിശ്വാസത്തിലാണ് മൂവാറ്റുപുഴക്കാര്‍.
പ്രേതഭവനം
എല്ലാത്തിനും മൂക സാക്ഷിയായ ആര്‍ഡിഒ ക്വാര്‍ട്ടേഴ്സ് നാട്ടുകാര്‍ക്കിടയില്‍ പ്രേതഭവനമായി. സന്തോഷിന്റെ മരണശേഷം ഇവിടെ താമസിക്കാന്‍ ഒരു വനിതാ ഉദ്യോഗസ്ഥ തയാറായെത്തിയെങ്കിലും ഒരു ദിവസം മാത്രമായിരുന്നു ഇവര്‍ ഇവിടെ താമസിച്ചത്.
പിന്നീട് പലരും സന്നദ്ധത അറിയിച്ചെങ്കിലും അവസാന നിമിഷം ഒഴിഞ്ഞു മാറുകയായിരുന്നു. നഗരത്തിന്റെ മധ്യത്തില്‍ എന്‍ജിഒ ക്വാട്ടേഴ്സ് വളപ്പില്‍ ഇപ്പോഴും ആര്‍ഡിഒ ക്വാര്‍ട്ടേഴ്സ് ആര്‍ഡിഒ സന്തോഷിന്റെ മരണത്തിലെ ദുരൂഹതയുടെ പേടിപ്പെടുത്തുന്ന സ്മാരകമായി നിലനില്ക്കുന്നു. പ്രേതാലയമെന്ന വിശേഷണവും ഇപ്പോഴിതിനുണ്ട്.