ന്യൂഡൽഹി: ജനങ്ങൾ കരുതലോടെ ഇരിക്കുകയും രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുകയും ചെയ്താൽ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കില്ലെന്ന് എയിംസ് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേരിയ.
നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതിന് അനുസരിച്ചായിരിക്കും മൂന്നാം തരംഗത്തിന്റെ വരവ്.
വളരെ ശ്രദ്ധയോടെ നിയന്ത്രണങ്ങൾ പാലിക്കണം. അതോടൊപ്പം തന്നെ വലിയൊരു വിഭാഗം ജനങ്ങൾക്ക് വാക്സിൻ നൽകുകയും വേണം.
എന്നാൽ, മൂന്നാം തരംഗം ഉണ്ടാകാതിരിക്കുകയോ ഉണ്ടായാൽ തന്നെ അതിന്റെ വ്യാപ്തി കുറയുകയോ ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതൽ പേർക്ക് വാക്സിൻ നൽകുന്നത് ഡൽറ്റ പ്ലസ് ഉൾപ്പെടെ വകഭേദം വന്ന വൈറസിനെ ചെറുക്കാനും ഉപകരിക്കും.
ഡൽറ്റ പ്ലസ് കടുത്ത അപകടകാരിയാണെന്നതിന് തെളിവേകുന്ന കൂടുതൽ വിവരങ്ങളില്ല. കോവിഡ് വാക്സിൻ സ്വീകരിച്ച് മാനദണ്ഡങ്ങളെല്ലാം തന്നെ പാലിക്കുകയാണെങ്കിൽ പ്രതിരോധിച്ചു നിൽക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.