ന്യൂഡൽഹി: അമേരിക്കൻ മരുന്നു കന്പനിയായ നോവാ വാക്സിന്റെ കോവാവാക്സ് ഇന്ത്യയിൽ കുട്ടികളിൽ പരീക്ഷണം നടത്താൻ അനുമതി നൽകരുതെന്ന് വിദഗ്ധ സമിതിയുടെ ശിപാർശ.
കേന്ദ്രസർക്കാരിന്റെ കോവിഡ് വിദഗ്ധ സമിതി പാനലാണു ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് ശിപാർശ സമർപ്പിച്ചത്.
രണ്ടു മുതൽ 17 വരെയുള്ള കുട്ടികളിൽ പരീക്ഷണം നടത്താൻ അനുമതി തേടിയാണ്, ഇന്ത്യയിലെ വിതരണക്കാരായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യയെ സമീപിച്ചത്.
രാജ്യത്തെ 10 നഗരങ്ങളിലായി രണ്ടു മുതൽ 11 വരെയും 12 മുതൽ 17 വരെയും പ്രായമുള്ള കുട്ടികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് 920 കുട്ടികളിൽ പരീക്ഷണം നടത്താനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിട്ടത്.
ജൂലൈയിൽ കുട്ടികളിൽ പരീക്ഷണം ആരംഭിക്കാനായിരുന്നു പദ്ധതി. മുതിർന്നവരിലെ പരീക്ഷണം ആദ്യം പൂർത്തിയാക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കണ്ട്രോളർ ജനറൽ നിർദേശം നൽകി.
കോവാവാക്സ് വാക്സിന് ഒരു രാജ്യവും അനുമതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ കുട്ടികളിലെ പരീക്ഷണത്തിനുമുന്പ്, മുതിർന്നവരിലെ ക്ലിനിക്കൽ പരീക്ഷണത്തിലെ ഫലങ്ങൾ, വാക്സിന്റെ സുരക്ഷ, പ്രതിരോധശേഷി എന്നിവ സംബന്ധിച്ച രേഖകൾ ഹാജരാക്കാനും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷനിലെ വിദഗ്ധ സമിതി ആവശ്യപ്പെട്ടു.
അമേരിക്കൻ കന്പനിയായ നോവാവാക്സ് നിർമിക്കുന്ന കോവാവാക്സ് വാക്സിൻ സെപ്റ്റംബറിൽ ഇന്ത്യയിൽ വിപണിയിലെത്തിക്കുമെന്നാണ് സിറ്റം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നത്.
രാജ്യത്ത് കോവിഷീൽഡിനേക്കാൾ കൂടുതൽ വില കോവാവാക്സ് വാക്സിന് നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. അടിയന്തര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡില്ലയും ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.