കുവൈറ്റ് സിറ്റി: ഓഗസ്റ്റ് ആദ്യ വാരം മുതൽ വാക്സിൻ സ്വീകരിച്ച വിദേശികൾക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു.
അതിനിടെ കോവിഡ് വാക്സിന്റെ ഒരു ഡോസ് എടുത്ത പ്രവാസികൾക്ക് പ്രവേശനം അനുവദിക്കില്ലെന്നും രാജ്യത്ത് അംഗീകരിച്ച ഫൈസർ, ഓക്സ്ഫോർഡ്, മോഡേണ രണ്ട് ഡോസ് സ്വീകരിച്ചവർക്കും ജോണ്സണ് ആൻഡ് ജോണ്സണ് ഒരു ഡോസ് വാക്സിനേഷൻ സ്വീകരിച്ചവർക്കായിരിക്കും പ്രവേശനമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ഓഗസ്റ്റ് ഒന്നിന് മുന്പ് രാജ്യംവിട്ട ശേഷം പന്ത്രണ്ടിനും പതിനഞ്ച് വയസിന് ഇടയിലുള്ള പ്രവാസി കുട്ടികൾക്ക് കുവൈറ്റ് അംഗീകൃത വാക്സിനേഷൻ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുമെന്നും ഇത് സംബന്ധമായി കൂടുതൽ ആവശ്യമായ സമയം സർക്കാർ അനുവദിച്ചതായും അധികൃതർ വ്യക്തമാക്കി.
പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളുടെ വാക്സിനേഷൻ സംബന്ധിച്ച വിഷയങ്ങൾ പഠിക്കുവാൻ സമിതിയെ മന്ത്രിസഭ നിയോഗിച്ചതായും ഇപ്പോഴത്തെ സാഹചര്യത്തിൽ കുട്ടികൾക്ക് യാത്ര ചെയ്യുന്നതിൽ വിലക്കില്ലെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ