മുക്കം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പഞ്ചാത്തലത്തിൽ സെക്കൻഡ് ഡോസുകാർക്ക് വാക്സിൻ ലഭിക്കുന്നില്ലന്ന പരാതി പരിഹരിക്കാനായി ആരംഭിച്ച കൂപ്പൺ സിസ്റ്റവും ദുരുപയോഗം ചെയ്യുന്നു.
നിത്യ രോഗികളും വയോധികരും കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന് ഓൺലൈൻ രജിസ്ട്രേഷനായി കാത്തിരിക്കുമ്പോഴാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ മുഖേന “പിൻവാതിൽ വാക്സിനേഷൻ’ നടക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള അഡീഷണൽ വാക്സിനേഷൻ ക്യാമ്പിലാണ് അർഹതപ്പെട്ടവരെ തഴഞ്ഞ്, സ്വന്തം പാർട്ടിക്കാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്.
രണ്ടാം ഡോസ് വാക്സിനേഷന് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് വിതരണം ചെയ്യാൻ ജനപ്രതിനിധികൾക്ക് നൽകുന്ന കൂപ്പണുകളാണ് ഇത്തരത്തിൽ ദുരൂപയോഗപ്പെടുത്തുന്നത്.
രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കേണ്ട സമയം പിന്നിട്ടിട്ടും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾക്ക് പ്രത്യേക കൂപ്പൺ നൽകാൻ തീരുമാനിച്ചത്.
ഓരോ തദ്ദേശ സ്ഥാപനങ്ങളിലേക്കും ലഭ്യമാകുന്ന ആകെ ഡോസ് വാക്സിന്റെ നിശ്ചിത ശതമാനമാണ് ഇത്തരത്തിൽ ജനപ്രതിനിധികൾ മുഖാന്തരം വിതരണം ചെയ്യുന്നത്.
രണ്ടാം ഡോസിന് ആളുകൾ ഇല്ലെങ്കിൽ ഈ കൂപ്പണുകൾ മുതിർന്ന പൗരന്മാർക്കോ മറ്റു മുൻഗണന പട്ടികയിൽപ്പെട്ടവർക്കോ കൊടുക്കണമെന്നാണ് നിർദ്ദേശം.
എന്നാൽ മലയോര മേഖലയിലെ ചില തദ്ദേശ സ്ഥാപനങ്ങളിൽ ജനപ്രതിനിധികൾ ഈ ടോക്കണുകൾ കൈപ്പറ്റി പാർട്ടിക്കാർക്കും സ്വന്തക്കാർക്കും വാക്സിനേഷന് സൗകര്യമൊരുക്കുന്നതായാണ് ആരോപണം.