പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസി ഉപയോഗയോഗ്യമല്ലെന്ന് പ്രാഥമിക വിലയിരുത്തൽ നടത്തി മാറ്റിയിട്ട ബസുകളിൽ ഭൂരിപക്ഷവും സർവീസിന് യോഗ്യമെന്ന് പരിശോധന നടത്തിയ വിദഗ്ദ സമിതി.
ഈ ബസുകൾ സംരക്ഷിക്കണമെന്ന് ജനറൽ മാനേജർ (ടെക്നിക്കൽ) ഉത്തരവ് നൽകി. 6380 ബസുകളിൽ 1736 ബസുകളാണ് കണ്ടം ചെയ്യാനായി 11 കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
കാലപ്പഴക്കവും സർവീസിന് യോഗ്യമല്ലെന്നുമുള്ള നിലപാടിലാണ് ഈ ബസുകൾ മാറ്റിയിട്ടത്. ഇതിൽ ഭൂരിപക്ഷവും സർവീസിന് ഉപയോഗിക്കാവുന്നവയാണെന്നാണ് വിദഗ്ദ സമിതിയുടെ വിലയിരുത്തൽ.
കണ്ടം ചെയ്യാൻ ശിപാർശ ചെയ്തിട്ടില്ലാത്ത ബസുകളിൽ ടയർ, ബാറ്ററി തുടങ്ങിയ ഒരു വിധ പാർട്സുകളും മാറ്റരുത്. എപ്പോഴും സർവീസ് നടത്താൻ തക്ക നിലയിലായിരിക്കണം.
കേടുപാടുകൾ പരിഹരിച്ച് , കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണം. പാർക്ക് ചെയ്തിരിക്കുന്ന ബസുകൾക്ക് സമീപം മറ്റ് വാഹനങ്ങൾ എത്താൻ സൗകര്യവും ഒരുക്കണം.
അഗ്നിശമന ഉപകരണങ്ങൾ കരുതുകയും പെട്ടെന്ന് വെള്ളം എടുക്കാൻ കഴിയുംവിധം ജല സ്രോതസിന്റെ സാമിപ്യം ഉറപ്പാക്കുകയും വേണം.
തീ പിടിക്കാൻ സാധ്യതയുള്ള സാധനങ്ങളൊന്നും ഈ ബസുകൾക്ക് സമീപം ഉപേക്ഷിക്കരുതെന്നും കാടു പിടിക്കാൻ ഇടയാക്കരുതെന്നും മതിയായ വെളിച്ചവും സിസിടിവി കാമറയുടെ നിരീക്ഷണവും 24 മണിക്കൂർ സുരക്ഷാ ജീവനക്കാരും ഉണ്ടാകണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
സ്ക്രാപ്, ഷോപ്പ് ഓൺ വീൽ ബസുകൾ പരിശോധിക്കുന്നതിന് പാർക്കിംഗ് കേന്ദ്രങ്ങൾ അടിസ്ഥാനത്തിൽ വിദഗ്ദ സമിതി രൂപീകരിച്ച് പരിശോധന നടത്തി ഈ മാസം തന്നെ റിപ്പോർട്ട് നല്കണമെന്നും ഉത്തരവിലുണ്ട്.
പേ- റിവിഷൻ പരാതികൾ പരിഹരിക്കാൻ നടപടിയായി
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ പേ-റിവിഷൻ പരാതികൾ പരിഹരിക്കാൻ നടപടിയായി. സർവീസ് ബുക്കുകൾ യഥാസമയം പരിശോധിച്ച് സമയബന്ധിതമായി പേ-റിവിഷന് അംഗീകാരം നൽകാനാണ് നടപടിയെടുത്തത്.
പേ-റി വിഷന് അംഗീകാരം നല്കാൻ കാലതാമസമുണ്ടാകുന്നതിനെക്കുറിച്ച് ജീവനക്കാർക്കിടയിൽ വ്യാപകമായ പരാതികളാണുള്ളത്.
ഇതു മൂലം ജീവനക്കാരുടെ പെൻഷനും, പെൻഷൻ ആനുകുല്യങ്ങൾ കിട്ടുന്നതിനും വളരെയധികം ബുദ്ധിമുട്ടും കാലതാമസവും നിരവധി കടമ്പകളുമായിരുന്നു.
പേ-റിവിഷൻ സെൽ കാര്യക്ഷമമാക്കുവാനും, കാലതാമസം ഒഴിവാക്കി പേ -റിവിഷൻ പരിശോധിച്ച് അംഗീകാരം നൽകുന്നതിനും കഴിഞ്ഞ ദിവസം ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകരൻ ഉത്തരവായി.പേഴ്സണൽ വിഭാഗത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മേരിക്കുട്ടി തോമസിന് പേ-റിവിഷൻ ഓഫീസറുടെ അധിക ചുമതല നല്കിയിട്ടുണ്ട്.