ആലുവ: ഗർഭിണിയായ യുവതിക്കും പിതാവിനും ഭർതൃവീട്ടില്‍ ക്രൂര മർദനമേറ്റ പരാതിയിൽ ഭർത്താവിനും സുഹൃത്തുകൾക്കുമായി ഊർജ്ജിത അന്വേഷണം. ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നഹ്ലത്തിനുമാണ് മർദനമേറ്റത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് മന്ദം തോട്ടത്തിൽ പറമ്പിൽ ജൗഹർ മർദിച്ചതായി ആരോപിച്ച് നഹ്ലത്ത് റൂറൽ പോലീസ് വനിത സെല്ലിന് പരാതി നൽകിയിരുന്നു.
തുടർന്ന് ആലുവ വെസ്റ്റ് ഇൻസ്പെക്ടർ മൃദുല കുമാർ, എസ്ഐ അജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം ആരംഭിച്ചത്.
നാല് മാസം ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച്ച വൈകീട്ടോടെയാണ് സംഭവം. ഭര്‍ത്താവും ഭര്‍ത്താവിന്റെ കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി.
ഗര്‍ഭിണിയായ യുവതിയുടെ അടിവയറ്റില്‍ ചവിട്ടുകയുള്‍പ്പെടെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പിതാവ് സലീമിനും മര്‍ദനമേറ്റു.
വിവാഹ സമയത്ത് പത്തുലക്ഷം രൂപ നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് മര്‍ദനമെന്ന് പറയുന്നു. ഭര്‍ത്താവ് ജൗഹറിനെയും ഭര്‍തൃമാതാവിനെയും പ്രതിചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്. പ്രതികളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണത്തിലാണ് പോലീസ്.