തിരുവനന്തപുരം: കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വർക്കലയിൽ ടൂറിസ്റ്റുകളായെത്തുന്ന വിദേശ വനിതകളെ ആക്രമിക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ ആരംഭിച്ചതായി വർക്കല ഡിവൈഎസ്പി. ബാബുക്കുട്ടൻ.
പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെ പട്ടിക തയാറാക്കാനും ഇത്തരക്കാരെ ടൂറിസ്റ്റുകൾ തങ്ങുന്ന സ്ഥലങ്ങളിൽ നിന്നും അകറ്റി നിർത്തുന്നതിനും നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
എല്ലാ റിസോർട്ടുകളുടേയും ഹോം സ്റ്റേകളുടേയും പൂർണ വിവരങ്ങൾ ശേഖരിച്ച് കൊണ്ട് പ്രത്യേക പോലീസ് പട്രോളിംഗ് നടത്തും.
ടൂറിസ്റ്റുകളെ സഹായിക്കാനായി എത്തുന്ന ഗൈഡുകളെക്കുറിച്ച് വിശദമായ വിവര ശേഖരണം നടത്തും. ക്രിമിനൽ സ്വഭാവമുള്ളവരെ പ്രദേശത്ത് കടക്കാതിരിക്കാനും ഒഴിവാക്കാനും നടപടി സ്വീകരിക്കും.
ഹെലിപാഡ് പ്രദേശത്ത് പോലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തെരുവ് വിളക്കുകളുടെ അഭാവം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.
പ്രദേശത്തെ കേടായ ഹൈമാസ്ക് ലൈറ്റ് അടിയന്തരമായി റിപ്പയർ ചെയ്ത് പ്രവർത്തനക്ഷമമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെ ന്നും ഡിവൈഎസ്പി വ്യക്തമാക്കി.
ടൂറിസ്റ്റുകൾക്കെതിരേ അക്രമം നടത്തുന്നവർക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത നടപടികളാണ് പോലീസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയ്ക്കകം നിരവധി വിദേശവനിതകളെ ലൈംഗികമായി ആക്രമിക്കാൻ സാമൂഹ്യ വിരുദ്ധർ ശ്രമിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവത്തിലാണ് പോലീസ് നടപടി കടുപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയ വിദേശ ടൂറിസ്റ്റുകൾക്കുനേരെ ആക്രമണം നടത്തിയ യുവാവിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തിരുന്നു.