കണ്ണൂർ: കോവിഡ് ഭീതിയിൽ പൊതുഗതാഗതത്തെ ആശ്രയിക്കാതെ ജനങ്ങൾ സ്വകാര്യ വാഹനങ്ങളിലേക്ക് തിരിഞ്ഞതോടെ നഗരത്തിൽ അനധികൃത പാർക്കിംഗ് വ്യാപകമാകുന്നു.
നഗരത്തിൽ എത്തുന്നവർ തോന്നുംപടിയാണ് ഇപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. കോർപറേഷന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർക്കിംഗിനായി സ്ഥലം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് ഉപയോഗശൂന്യമായി കിടക്കുകയാണ്.
ലോക്ക്ഡൗണിനെ തുടർന്ന് ആളുകൾ ആരും ഇത് ഉപയോഗിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ ഇപ്പോൾ ആളുകൾ ദേശീയ പാതയോരങ്ങളിലും ഇടറോഡുകളിലും മറ്റുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നുത്. ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
സ്ഥലമുണ്ട്
നഗരത്തിൽ എത്തുന്നവർ നേരിട്ടിരുന്ന ഒരു പ്രധാനപ്രശ്നമായിരുന്നു വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലായെന്നത്. പുതിയ കോർപറേഷൻ ഭരണത്തിലെത്തിയപ്പോൾ ഇതിന് പരിഹാരമായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പാർക്കിംഗ് സൗകര്യം ആരംഭിച്ചു.
തെക്കിബസാർ അശോക മൈതാനം, താളിക്കാവ്, യോഗശാല, ആറാട്ട് റോഡ്, കവിത തിയറ്ററിന് സമീപം, പിവിഎസ് ടൂറിസ്റ്റ് ഹോമിന് സമീപം, താണ, ദിനേശ് ഓഡിറ്റോറിയത്തിന് സമീപം തുടങ്ങി പത്തോളം സ്ഥലങ്ങളിലാണ് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയത്.
എന്നാൽ കോവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ മൂലം ഇത് പ്രവർത്തനരഹിതമായി. നിലവിൽ രണ്ട് സ്ഥലങ്ങളിൽ മാത്രമാണ് പാർക്കിംഗ് ഉള്ളത്. എന്നാൽ ഇവിടങ്ങളിൽ പണം നൽകേണ്ടത് കൊണ്ട് നഗരത്തിൽ എത്തുന്നവർ റോഡുകൾക്ക് സൈഡിലായാണ് പാർക്ക് ചെയ്യുന്നത്.