തിരുവനന്തപുരം: “”മത്സ്യത്തൊഴിലാളി കുടുംബമാണ്. മകൾ 75 ശതമാനം അംഗപരിമിതയാണ്. കുട്ടിക്ക് അപസ്മാരവുമുണ്ട്. ചികിത്സയ്ക്ക് ബസിലും ട്രെയിനിലും കൊണ്ടുപോകാൻ പറ്റാത്തതു കൊണ്ട് ഒരു കാർ വാങ്ങി.
ഇതു കാരണം മുൻഗണനാ വിഭാഗത്തിലുള്ള കാർഡ് സ്വയം ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. അല്ലെങ്കിൽ നടപടിയെടുക്കുമെന്നും അറിയിച്ചു.
പേടിച്ച് അപേക്ഷ നൽകി. ഇപ്പോൾ വെള്ള കാർഡായെന്നാണ് അറിഞ്ഞത്. സാർ സഹായിക്കണം” – കൊല്ലം നീണ്ടകരയിൽ മത്സ്യത്തൊഴിലാളിയായ ഗംഗയുടെ പരാതിയാണിത്.
ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ ഇന്നലെ നടത്തിയ ഫോൺ ഇൻ പരിപാടിയിലാണ് സങ്കടാവസ്ഥ ഗംഗ അറിയിച്ചത്.
സുഖമില്ലാത്ത മകളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് ഒരു കാർ എടുത്തെന്നു കരുതി മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാക്കില്ലെന്ന് മന്ത്രി ഗംഗയെ സമാധാനിപ്പിച്ചു.
മുൻഗണനാ വിഭാഗത്തിൽ കടന്നുകൂടിയ അനർഹർക്ക് ഒഴിവാകാൻ സമയം നൽകിയിട്ടുണ്ട്. ആരെയും നിർബന്ധിച്ച് പിന്മാറ്റേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
ഗംഗയുടെ പരാതിയിൽ അടിയന്തരമായി ഇടപെടുമെന്ന് മന്ത്രി അറിയിച്ചു. ഗംഗയുടെ പരാതി പരിഹരിക്കുന്നതിന് കരുനാഗപ്പള്ളി സപ്ലൈ ഓഫീസുമായി ബന്ധപ്പെടാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി.