തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടർ പട്ടിക ചോർത്തിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ പ്രതികരണവുമായി കോണ്ഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. പട്ടിക ചോരേണ്ട കാര്യമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വോട്ടർപട്ടിക വെബ്സൈറ്റിൽ ലഭ്യമാണെന്നും ചോർത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒളിച്ചുകളിനടത്തുകയാണ്.
4.5 ലക്ഷം ഇരട്ട വോട്ടർമാരുടെ പട്ടിക താൻ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതാണ്. എന്നാൽ 35000 ഇരട്ടവോട്ടർമാരെ ഉള്ളുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ. താൻ തെളിവ് സഹിതമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
വിഷയം കോടതിയുടെ ശ്രദ്ധയിലും കൊണ്ടുവന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കോടതി വോട്ടെടുപ്പിന് നിബന്ധനകൾ വച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഈ വോട്ടർ പട്ടിക ഒരു അബദ്ധ പഞ്ചാംഗമാണ്. പട്ടികയിലെ ഇരട്ടിപ്പുകൾ കണ്ടെത്തി ശുദ്ധീകരിക്കുകയാണ് വേണ്ടത്.
വ്യാജന്മാരെ ചേർത്തവർക്കെതിരെയാണ് കേസെടുക്കേണ്ടത്. അന്വേഷണത്തെ സ്വാഗാതം ചെയ്യുന്നു. എന്നാൽ ഈ അന്വേഷണം കൊണ്ട് എന്ത് പ്രയോജനമാണ് എന്ന് അറിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.