കോട്ടയം: ഒരു സ്കൂട്ടർ നഗരസഭ കേന്ദ്രത്തിനു മുന്നിലെത്തിയാൽ വിവാദമുണ്ടാകുമോ? എന്നാൽ കോട്ടയം നഗരസഭയുടെ മുന്നിലെത്തിയ ഒരു സ്കൂട്ടർ ഇപ്പോൾ ഭരണ സംവിധാനത്തെ തന്നെ പിടിച്ചുകുലുക്കിയിരിക്കുന്നു.
നഗരസഭയുടെ ഒരുകോടി രൂപ പുതിയ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതിന്റെ പേരിൽ ബാങ്കിന്റെ പാരിതോഷികം സ്കൂട്ടർ രൂപത്തിൽ നഗരസഭയുടെ മുറ്റത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.
കോട്ടയം നഗരസഭയുടെ ഒരുകോടി രൂപ ന്യൂജെനറേഷൻ ബാങ്കിൽ നിക്ഷേപിച്ചതിനു പിന്നിൽ ഭരണ സമിതിയംഗങ്ങൾ കൈക്കൂലി വാങ്ങിയെന്നാരോപിച്ചു പ്രതിപക്ഷാംഗങ്ങളും രംഗത്തുവന്നു.
ഇത് സംബന്ധിച്ചു തങ്ങൾക്കൊന്നും അറിയില്ലെന്ന നിലപാടിലാണ് ഭരണപക്ഷം. കൂടുതൽ പ്രതിക്ഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷാംഗങ്ങൾ. ഇന്നലെ നടന്ന കൗണ്‍സിൽ യോഗത്തിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
നിക്ഷേപത്തിന്റെ പേരിൽ പാരിതോഷികം കൈപ്പറ്റിയതിനെ പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചെയ്തു. നഗരസഭയുടെ ഒരുകോടി രൂപയാണ് പഞ്ചാബ് നാഷണൽ ബാങ്കിലുള്ള അക്കൗണ്ടിൽനിന്നും പിൻവലിച്ച് സിറ്റി യൂണിയൻ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയത്.
കഴിഞ്ഞ മാർച്ചിൽ നടന്ന സംഭവം സെക്രട്ടറിയോ, നഗരസഭ അധ്യക്ഷയോ, ഉപാധ്യക്ഷനോ അറിഞ്ഞിരുന്നില്ലെന്ന് അവർ പറയുന്നു. ഒരുകോടി രൂപയുടെ നിക്ഷേപത്തിന്റെ പേരിൽ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളാണ് ബാങ്ക് പാരിതോഷികം നൽകിയത്.
ഇതിലൊന്നു കഴിഞ്ഞദിവസം നഗരസഭയിൽ എത്തിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചെയ്തതോടെയാണ് അക്കൗണ്ട് സംബന്ധിച്ചോ, നിക്ഷേപം സംബന്ധിച്ചോ തങ്ങൾക്ക് ഒന്നുമറിയില്ലെന്ന നിലപാടുമായി ചെയർപേഴ്സനും സെക്രട്ടറിയും രംഗത്ത് എത്തിയത്.
ഇത്തരത്തിൽ അക്കൗണ്ട് എടുക്കുന്നത് സംബന്ധിച്ചോ, പണം വകമാറ്റുന്നത് സംബന്ധിച്ചോ ധനകാര്യ കമ്മിറ്റിയിലോ, കൗണ്‍സിൽ യോഗത്തിലോ ഒരുവിധത്തിലുള്ള ചർച്ചയും ഉണ്ടായിട്ടില്ലെന്ന് ധനകാര്യ കമ്മിറ്റി അംഗം കൂടിയായ കൗണ്‍സിലർ ഷീജ അനിൽ ചൂണ്ടിക്കാട്ടി.
സെക്രട്ടറിയോ, ചെയർപേഴ്സനോ അറിയാതെ ഉദ്യോഗസ്ഥർ അക്കൗണ്ട് തുടങ്ങി പണം നിക്ഷേപിച്ചു എന്ന വാദം അംഗീകരിക്കാനാവില്ല.
ദേശസാത്കൃത ബാങ്കിൽ മാത്രമേ തദ്ദേശ സ്ഥാപനങ്ങൾ അക്കൗണ്ട് ആരംഭിക്കാവുവെന്ന സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തിയാണ് നഗരസഭയുടെ പുതിയ നടപടി. എംപി ഫണ്ട് ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട് എടുത്ത അക്കൗണ്ടാണിതെന്നാണ് ഉദ്യോഗസ്ഥ വിശദീകരണം.
ഈ അക്കൗണ്ടിലേക്ക് എംപി ഫണ്ടായി ഒരു രൂപ പോലും എത്തിയിട്ടില്ലെന്ന് പ്രതിപക്ഷ കൗണ്‍സിൽ അംഗം എൻ.എൻ. വിനോദ് ചൂണ്ടിക്കാട്ടി. സംഭവം വിവാദമായതോടെ വാഹനം തിരികെ നൽകി പണം പിൻവലിക്കാമെന്ന് സെക്രട്ടറിയും നഗരസഭ അധ്യക്ഷയും കൗണ്‍സിൽ യോഗത്തിൽ ഉറപ്പ് നൽകി.