കടുത്തുരുത്തി: അടച്ചിടലിനെ തുടര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജീവിതം വഴിമുട്ടി. ദിവസവേതനത്തിന് ജോലി ചെയ്തു ജീവിക്കുന്ന ഇവരില്‍ പലരും എന്തു ചെയ്യുമെന്നറിയാതെ പ്രതിസന്ധിയിലാണ്.
കച്ചവടസ്ഥാപനങ്ങളിലും വിവിധ സ്വകാര്യ സ്ഥാപനങ്ങളിലുമായി നൂറുകണക്കിന് ജീവനക്കാരാണ് വരുമാനം നിലച്ചു ജീവിതം വഴിമുട്ടിയ അവസ്ഥയിലുള്ളത്.
കടം വീട്ടും മുമ്പ്
കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണില്‍ ജോലി ഇല്ലാതെ വരുമാനം നിലച്ചതിനെ തുടര്‍ന്ന് കുടുംബത്തിന്റെ നിത്യച്ചെലവിന് വാങ്ങിയ കടം വീട്ടി തീര്‍ക്കുന്നതിന് മുമ്പാണ് അടുത്ത അടച്ചിടല്‍ എത്തിയത്.
അതോടെ മുന്നോട്ട് ഒരു അടി പോലും നീങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് മിക്കയാളുകളും. തുറന്ന് പ്രവര്‍ത്തിക്കുന്നതിന് വിലക്ക് നേരിടുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഒട്ടനവധിയാണ്.
ഒന്നുമില്ലാതെ ചെറുകിടക്കാര്‍
വന്‍കിട സ്ഥാപനങ്ങള്‍ താത്കാലിക ആശ്വാസമായി ചെറിയ തുകകള്‍ വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ചെറുകിട മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് അതുമില്ല.
വീടിന്റെയും വാഹനത്തിന്റെയും മാസത്തവണകള്‍ അടയ്ക്കാനും ജീവിതച്ചെലവിനും ഇത്തരം ജോലിയില്‍നിന്നുള്ള വരുമാനമാണ് മിക്കവരുടെയും ആശ്രയം. സാമ്പത്തികമായി എല്ലാ മേഖലയിലും ഇടിവ് വന്നതോടെ കടം ചോദിച്ചാല്‍ പോലും ലഭിക്കാത്ത അവസ്ഥയുമാണ്.
കുട്ടികളുടെ പഠനാവശ്യവും മുടങ്ങുന്നു
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലുള്‍പ്പെടെ കമ്മീഷന് വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുടെ വരുമാനവും നിലച്ചു.
ചിട്ടി പിരിവ് നടത്തിയും തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കിയും ജീവിക്കുന്നവര്‍ അത്തരം പ്രവര്‍ത്തനമെല്ലാം നിലച്ചതോടെ ദുരിതത്തിലാണ്.
ക്ലാസുകള്‍ ഓണ്‍ലൈനിലാണെങ്കിലും കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ വാങ്ങാന്‍ പോലും പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും.
ഉടമകളും ദുരിതത്തില്‍
ലോക്ഡൗണുകളെ തുടര്‍ന്ന് മിക്ക സ്ഥാപനങ്ങളും നഷ്ടത്തിലായി. ഇതോടെ തൊഴിലാളികള്‍ക്ക് താത്കാലിക ആശ്വാസത്തിന് സഹായം പോലും നല്കാന് കഴിയാതെ നിസഹായ അവസ്ഥയിലാണിവര്‍. വിവിധ വായ്പകള്‍ മാസത്തവണ മുടങ്ങി വന്‍ ബാധ്യതയാകുകയും ചെയ്തു.
ഇതിനിടെ കടുത്ത നിയന്ത്രണങ്ങളോടെ ചില സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും ജീവനക്കാരെ പരിമിതപ്പെടുത്തണമെന്ന് നിബന്ധനയുള്ളതിനാല്‍ ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ് തൊഴില്‍ ലഭിച്ചത്.