പ്രത്യേക ലേഖകൻ
തൃശൂർ: “എന്റെ വീട് റോഡാകുമോ, കട തോടാകുമോ?’ തൃശൂർ കോർപറേഷനിൽ താമസിക്കുന്ന ഓരോരുത്തരും നെഞ്ചിടിപ്പോടെ ചോദിക്കുന്ന ചോദ്യമിതാണ്.
മിക്കവരുടേയും വാട്സ്ആപ്പിലൂടെ തൃശൂർ മാസ്റ്റർ പ്ലാനിന്റെ ചിത്രം പ്രചരിക്കൂന്നുണ്ട്. ആ ചിത്രം വലുതാക്കി സർവേ നന്പരും റോഡിന്റെ വീതിയും പരിശോധിച്ച മിക്കവരുടേയും കണ്ണുകളിലൂടെ പൊന്നീച്ച പറന്നു.
മറുപടി നൽകാൻ കൗണ്സിലർക്കെന്നല്ല മേയർക്കുപോലും കഴിയുന്നില്ല. സർക്കാർ അംഗീകരിച്ച കോർപറേഷന്റെ മാസ്റ്റർ പ്ലാനാണ് തൃശൂർ നഗരവാസികളുടെ ഉറക്കം കെടുത്തുന്നത്.
തലങ്ങും വിലങ്ങുമായി പുതിയ നിരവധി റോഡുകൾ. നിലവിലുള്ളവ നാലിരട്ടിവരെ വീതിയിൽ പുതുക്കിപ്പണിയും. നിലവിൽ നാലു മീറ്റർ വീതിയുള്ള റോഡുകൾ 12 മുതൽ 25 വരെ മീറ്റർ വീതിയുള്ളതാക്കാനാണു മാസ്റ്റർ പ്ലാനിലെ നിർദേശം. റോഡിന് ഇരുവശത്തുമുള്ള നടപ്പാതയും കാനകളും അടക്കമാകുന്പോൾ 45 മീറ്റർ വീതി. ഇങ്ങനെ 112 റോഡുകൾ.
നഗര വികസനത്തിനു വീതിയുള്ള റോഡുകൾ അനിവാര്യം. എന്നാൽ റോഡുകൾക്കു ഫുട്ബോൾ ഗ്രൗണ്ടിനോളം വീതി വേണോ? ഇത്തരം മൈതാന റോഡുകളുടെ മഹാപ്രളയത്തിൽ വഴിയാധാരമാകുന്നത് അനേകായിരങ്ങൾ. ആയിരക്കണക്കിനു വീടുകളും വ്യാപാര സ്ഥാപനങ്ങളും വിദ്യാലയങ്ങളും പൊതുസ്ഥാപനങ്ങളും ആരാധനാലയങ്ങളുമെല്ലാം പൊളിച്ചുകളയേണ്ടിവരും.
തൃശൂർ സ്വരാജ് റൗണ്ടിന്റെ വീതി 22 മീറ്ററായിത്തന്നെ തുടരും. ആറു മീറ്റർ വീതിയുള്ള ഇന്നർ റിംഗ് റോഡ് 12 മീറ്ററാക്കും. റിംഗ് റോഡിന്റെ വീതി 22 മീറ്ററാക്കും.
നിലവിൽ ഒന്‍പതു മീറ്റർ മുതൽ പലയിടത്തും പല വീതിയുള്ള റോഡാണിത്. കിഴക്കേകോട്ട മുതൽ അരിസ്റ്റോ റോഡ്- മെട്രോ ആശുപത്രി ജംഗ്ഷൻ- കൊക്കാലെ- വഞ്ചിക്കുളം -പൂത്തോൾ- തോപ്പിൻമൂല- പടിഞ്ഞാറേകോട്ട- പൂങ്കുന്നം- പാട്ടുരായ്ക്കൽ- അശ്വിനി- രാമനിലയം- ബിഷപ്സ് പാലസ് റോഡ് വരെയുള്ള റോഡാണിത്.
നാലു മീറ്റർ മുതൽ വീതിയുള്ള ഒൗട്ടർ റിംഗ് റോഡും 22 മീറ്റർ വീതിയിൽ വികസിപ്പിക്കും. ചിലയിടങ്ങളിൽ 18 മീറ്റർ മതിയെന്നും നിർദേശിക്കുന്നുണ്ട്.
നിലവിൽ നാലു മീറ്റർ മുതൽ പല വീതിയിലുള്ള ഈ ഒൗട്ടർ റിംഗ് റോഡ് ഇതാണ്: പറവട്ടാനി ചുങ്കം- മുക്കാട്ടുകര റോഡ്- വൈലോപ്പിള്ളി റോഡ്- താണിക്കുടം റോഡ്- വിയ്യൂർ പവർ ഹൗസ്, വിയ്യൂർ പാലം, പാന്‍പൂർ ചെന്പിശേരി മേൽപാലം- പുഴയ്ക്കൽ അയ്യന്തോൾ റോഡ്- കളക്ടറേറ്റ്- അരണാട്ടുകര പടിഞ്ഞാറേ അങ്ങാടി റോഡ്- അരണാട്ടുകര ലാലൂർ റോഡ്- അരണാട്ടുകര പള്ളി വഴി കടവാരം വടൂക്കര- നിർമലപുരം – കൊടുങ്ങല്ലൂർ റോഡ്- ആലുംവെട്ടുവഴി എസ്എൻ ഹൈസ്കൂൾ റോഡ്- തിരുത്തൂർ അന്പലം റോഡ്്- വളർക്കാവ് അന്പലം- പുത്തൂർ റോഡ്- നടത്തറ – നെല്ലിക്കുന്ന്- സ്റ്റാഫ് ക്വാർട്ടേഴ്സ് ജംഗ്ഷൻ -പാലക്കാട് റോഡ്.
വെറും നാലു റോഡുകളുടെ കാര്യമാണ് ഇങ്ങനെ. ഇത്തരം 112 റോഡുകളുടെ പട്ടികയും സ്കെച്ചും തയാറാണ്. ആ റോഡുകൾ കടന്നുപോകേണ്ട സർവേ നന്പരുകളും പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങളുമെല്ലാം പട്ടികസഹിതം കോർപറേഷനിലുണ്ട്.
നിയമയുദ്ധത്തിലേക്ക്
കഴിഞ്ഞ ഫെബ്രുവരി 26 ന് സർക്കാർ ഗസറ്റിൽ വിജ്ഞാപനത്തോടെ പ്രാബല്യത്തിലാക്കിയ തൃശൂർ മാസ്റ്റർ പ്ലാനിനെച്ചൊല്ലി നിയമയുദ്ധവും സമരപരന്പരകളും വരാനിരിക്കുകയാണ്.
നടപടിക്രമങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് നിയമയുദ്ധം. കോടതിയിൽ ചോദ്യം ചെയ്യപ്പെടാതിരിക്കാൻ രേഖകൾ ആറുമാസത്തേക്കു പുറത്തുവിടാതിരിക്കാനുള്ള ജാഗ്രതയിലാണ് അധികാരികൾ.
മാസ്റ്റർ പ്ലാൻ തൃശൂർ കോർപറേഷൻ കൗണ്‍സിലിൽ ചർച്ച ചെയ്തിട്ടേയില്ലെന്നാണ് കോണ്‍ഗ്രസ് കൗണ്‍സിലർമാരുടെ നിലപാട്. സിപിഐയുടെ അജിത വിജയൻ മേയറെന്ന നിലയിൽ ഒപ്പുവച്ച ഫയലിൽ കോർപറേഷൻ സെക്രട്ടറിയും എൻജിനിയറും അടക്കം ബന്ധപ്പെട്ട അധികാരികളും ഒപ്പുവച്ചിട്ടുണ്ട്.
പക്ഷേ, മാസ്റ്റർ പ്ലാനിന്റെ രേഖകളില്ലെന്നാണ് കോർപറേഷൻ സെക്രട്ടറി ഈയിടെ പ്രതിപക്ഷത്തിനു കത്തു നൽകിയത്. മാസ്റ്റർ പ്ലാനിനെക്കുറിച്ച് ചർച്ചചെയ്യാൻ പ്രത്യേക കൗണ്‍സിൽ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം നൽകിയ കത്തിനാണ് സെക്രട്ടറി രേഖകളില്ലെന്ന മറുപടി നൽകിയത്.
രേഖകളെല്ലാം കോർപറേഷൻ ആസ്ഥാനത്തെ എൻജിനിയറിംഗ് വിഭാഗത്തിൽ അട്ടിയിട്ടിരിക്കുകയാണ്. ഒരു ഈച്ചയെപ്പോലും അവ കാണിക്കരുതെന്നാണ് ഉദ്യോഗസ്ഥർക്കു ലഭിച്ചിരിക്കുന്ന നിർദേശം.
കോർപറേഷൻ കൗണ്‍സിലിന്റെ അറിവിലേക്കെന്ന പേരിൽ നിലവിലുള്ള കൗണ്‍സിലിന്റെ അംഗീകാരംകൂടി നേടിയെടുക്കാൻ അജൻഡയാക്കിയതോടെയാണ് മാസ്റ്റർ പ്ലാൻ വിവാദമായത്.
വീടു നിർമിക്കാൻ അരണാട്ടുകരയിലെ സി.ഡി. ഏന്റോസ് അടക്കമുള്ളവർ നൽകിയ അപേക്ഷ തള്ളിയതു മാസ്റ്റർ പ്ലാനിന്റെ പേരിലാണ്. മാസ്റ്റർ പ്ലാൻ അനുസരിച്ച് ആ പ്രദേശമെല്ലാം റോഡാണെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്.
ഈ മാസ്റ്റർ പ്ലാൻ എന്നു നടപ്പാകും?
പത്തോ അന്‍പതോ വർഷം കഴിഞ്ഞിട്ടാകുമെന്ന് ആശ്വസിച്ചവർക്ക് കോർപറേഷന്റെ ഈ തള്ളൽ കനത്ത ആഘാതമായി. മാസ്റ്റർ പ്ലാൻ വിജ്ഞാപനമായ ഫെബ്രുവരി 26 മുതൽ മാസ്റ്റർ പ്ലാൻ പ്രാബല്യത്തിലായി. പത്തുവർഷത്തിനകം എല്ലാം നടപ്പാക്കുമെന്നു പ്ലാനിന്റെ സ്കെച്ചിൽതന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്.