പന്നിമറ്റം: കഴിഞ്ഞ പിതൃദിനത്തിൽ അപ്രതീക്ഷിത അപകടത്തിൽ അച്ഛനും മരിച്ചതോടെ ജീവിതവഴിയിൽ ഇരുൾമൂടി മൂന്നു മക്കൾ.
ഒന്നരവർഷം മുൻപ് മാതാവ് ഹൃദയാഘാതം വന്നു മരിക്കുകയും പിതാവ് കഴിഞ്ഞമാസം 20-ന് മരത്തിൽനിന്നു വീണുണ്ടായ അപകടത്തിൽ അപ്രതീക്ഷിതമായി മരിക്കുകയും ചെയ്തതോടെയാണ് ഇവർ അനാഥരായത്.
പന്നിമറ്റം മുളയ്ക്കൽ പരേതരായ സോയിയുടെയും അനീറ്റയുടെ മക്കളായ സാനിയ, സെബിൻ, സോണിയ എന്നിവർക്കാണ് ഭാവിജീവിതം ചോദ്യചിഹ്നമാകുന്നത്.
പത്താംക്ലാസ് വിദ്യാർഥിനിയായ സാനിയ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലും സെബിൻ കാൽവരിമൗണ്ട് സ്കൂളിൽ ഏഴാംക്ലാസിലും ഇളയ കുട്ടി സോണിയ കൊടുവേലി ലിറ്റിൽ ഫ്ളവർ സ്കൂളിൽ നാലാംക്ലാസിലുമാണ് പഠിക്കുന്നത്.
പറക്കമുറ്റാത്ത മൂന്നു കുട്ടികളും എഴുപത്തിയാറു വയസുള്ള മുത്തശി അന്നക്കുട്ടിയുടെ സംരക്ഷണയിലാണ് ഇപ്പോൾ കഴിയുന്നത്.
പന്നിമറ്റത്തെ വാടകവീട്ടിലാണ് ഇവർ താമസിക്കുന്നത്. ആകെ അൽപം ഭുമിയുള്ളത് മലയുടെ മുകളിലാണ്. ഇവിടേക്ക് യാത്രാമാർഗവും കുറവാണ്. ഒറ്റപ്പെട്ട പ്രദേശം കൂടാതെ ഏതുസമയവും മലയിടിച്ചിൽ സാധ്യതയുമുണ്ട്.
ഇവിടെ മക്കളെയുംകൊണ്ട് താമസിക്കാനുള്ള ഭയം മൂലമാണ് സോയി പന്നിമറ്റത്ത് വാടകയ്ക്ക് താമസത്തിനെത്തിയത് .
മക്കൾക്ക് നല്ല വിദ്യാഭാസം നല്കണമെന്നും അവരെ നല്ലനിലയിൽ എത്തിക്കണമെന്നും അമ്മയില്ലാത്തതിന്റെ കുറവ് മക്കൾ അറിയരുതെന്നും ബന്ധുക്കളോടും സുഹൃത്തുക്കളോടും സോയി പറയാറുണ്ടായിരുന്നു.
എന്നാൽ വിധി എല്ലാം തകിടംമറിച്ചു. കൂലിപ്പണിയെടുത്താണ് സോയി കുടുംബം പോറ്റിയിരുന്നത്. സാന്പത്തിക പരാധീനതമൂലം മക്കളെ പല സ്ഥലങ്ങളിലെ വിദ്യാലയങ്ങളിൽ ചേർത്താണ് പഠിപ്പിച്ചിരുന്നത്.
വീടിനു സമീപത്തെ പുരയിടത്തിൽ പണിചെയ്യുന്നതിനിടെയാണ് സോയി മരത്തിൽനിന്നു വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതോടെ കുട്ടികളുടെ ജീവിതം മാറിമറിഞ്ഞു.
വീട്ടുവാടകയും പഠനത്തിനുള്ള ചെലവുകളും എങ്ങിനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ഇവർ. അച്ഛനും അമ്മയും നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽനിന്നും ഇതുവരെയും ഇവർ മുക്തരായിട്ടുമില്ല.
സർക്കാരും സുമനസുകളും ഇവരെ സഹായിക്കാൻ തയാറാകണമെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടികളെ സഹായിക്കാൻ പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. തോമസ് പൂവത്തുങ്കൽ കണ്വീനറായി കുടുംബസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.