ചാമംപതാൽ: ചാമംപതാൽ കണയങ്കൽ ഏബൽ കെ. ജൂബിന് പതിനഞ്ച് വയസ്. പത്താം ക്ലാസിലെ ഫലം കാത്തിരിക്കുന്ന ഏബൽ വീട്ടിലെ തൊഴുത്തിൽ പരിപാലിച്ചുവരുന്നത് 16 പശുക്കളെയാണ്.
പിതാവ് ജൂബിനും അമ്മ സെലിനും വളർത്തിവന്ന പശുക്കളുടെ പരിപാലനം ഈ കോവിഡിൽ ഏബൽ ഏറ്റെടുക്കുകയായിരുന്നു.
അതിരാവിലെ നാലിന് തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ച് യന്ത്രത്തിൽ കറവ നടത്താൻ ഏബൽ മുന്നിലുണ്ട്.
വീടിനടുത്ത് വളർത്തുന്ന തീറ്റപ്പുല്ല് പിതാവ് ജൂബിനൊപ്പം വാനിൽ ചെത്തിക്കൊണ്ടുവന്ന് യന്ത്രത്തിൽ അരിഞ്ഞുകൊടുക്കാനും കിടാക്കളെ പരിപാലിക്കാനും ഏബലിന് നല്ലവശം.
ബസ് ഡ്രൈവറായിരിക്കെ ജൂബിനും അങ്കണവാടി അധ്യാപികയായ ഭാര്യ സെലിനും ചേർന്ന് തുടങ്ങിയതാണ് പശുവളർത്തൽ. അന്ന് പത്തു പശുക്കൾ തൊഴുത്തിലുണ്ടായിരുന്നു.
രണ്ടു വർഷമായി ഏബലും പശുവളർത്തലിൽ ഇവരെ സഹാക്കാൻ താത്പര്യത്തോടെ മുന്നോട്ടുവന്നു. പത്താം ക്ലാസ് പരീക്ഷ പൂർത്തിയായതു മുതൽ തൊഴുത്തിന്റെ പൂർണ ചുമതല ഏബൽ ഏറ്റെടുക്കുകയായിരുന്നു.
ഇതോടെ പശുക്കളുടെ എണ്ണം പതിനാറായി ഉയർന്നു. കൂടാതെ കറവയുള്ള രണ്ട് എരുമകളുമുണ്ട്. ഇവയെ യന്ത്രസഹായമില്ലാതെ കറന്നെടുക്കും.
രാവിലെയും വൈകുന്നേരവുമായി ഇപ്പോൾ 80 ലിറ്ററോളമുണ്ട് കറവ. ചാമംപതാൽ മിൽമ മിൽക്ക് സംഘത്തിലാണ് പാൽ നൽകുന്നത്. പശുക്കളെക്കൂടാതെ കണയങ്കൽ വീട്ടിൽ പത്ത് ആടുകളുണ്ട്.
ഇവയുടെ മേൽനോട്ടവും പരിപാലനവും ഇളയമകൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആൽബിൻ കെ. ജൂബിനാണ് ഏറ്റെടുത്തു നടത്തുന്നത്. കോവിഡ് വന്നതോടെ ആട്ടിൻപാൽ വിൽപ്പന പ്രതിസന്ധിയിലായി. ഒരു ലിറ്റർ ആട്ടിൻപാലിന് 120 രൂപ വില ലഭിച്ചിരുന്നു.
പത്താം ക്ലാസ് പാസായശേഷം വൊക്കേഷണൽ ഹയർ സെക്കൻഡറി പഠിക്കാനും തുടർന്ന് മൃഗപരിപാലനത്തിൽ ഉപരിപഠനം നടത്താനാണ് ഏബലിന്റെ ആഗ്രഹം.
കാലിത്തീറ്റവില കുത്തനെ ഉയരുന്നത് കാലിവളർത്തലിൽ ആശങ്കയുളവാക്കുന്നതായി ഏബൽ പറയുന്നു. കാലിത്തീറ്റ വില നോക്കിയാൽ ഒരു ലിറ്റർ പാലിന് 50 രൂപയെങ്കിലും കിട്ടണം.
ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് ഇപ്പോൾ വില 1300 കടന്നിരിക്കുന്നു. കൂടാതെ പരുത്തിക്കുരുവും അരിയും പിണ്ണാക്കുമൊക്കെ വാങ്ങണം.
സിഒ ത്രീ, സിഒ ഫോർ തീറ്റപ്പുല്ലിനു പുറമെ കൈത അരിഞ്ഞും തീറ്റ കൊടുക്കും. കൈതകൃഷി അവസാനിപ്പിച്ച തോട്ടങ്ങളിൽ പഴയ ചുവട് കൈത പറിച്ചുകൊണ്ടുവന്നാണ് തീറ്റയാക്കുന്നത്.
എച്ച്എഫ്, ജേഴ്സി ഇനത്തിൽ പത്തു പശുക്കളാണ് ഇപ്പോൾ കറവയുള്ളത്. രണ്ടു നേരം കൈതയും ഒരു നേരം പുല്ലും അരിഞ്ഞ് കൊടുക്കും. ഒപ്പം മറ്റ് പോഷകതീറ്റകളും വെള്ളവും കൊടുക്കും.