സ്വന്തംലേഖകന്‍
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്.
അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനാവശ്യപ്പെട്ട് അടുത്ത ദിവസം ഷാജിക്ക് നോട്ടീസ് നല്‍കുമെന്നാണ് വിവരം. നേരത്തെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളും ഷാജി സമര്‍പ്പിച്ച രേഖകളും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ട്.
അതിനാല്‍ വിജിലന്‍സ് സ്വമേധയാ ശേഖരിച്ച തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാവും ഇനിയുള്ള ചോദ്യം ചെയ്യല്‍.
എംഎല്‍എയായിരിക്കെ കണ്ണൂര്‍ അഴീക്കോട്ടെ സ്കൂളിന് പ്ലസ്ടു അനുവദിച്ച് കിട്ടാന്‍ ഷാജി സ്കൂള്‍ മനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.
തുടര്‍ന്ന് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി. അഴീക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് 47 ലക്ഷം രൂപയും നിരവധി രേഖകളും ഇതിനിടെ വിജിലന്‍സ് പിടിച്ചെടുക്കുകയും ചെയ്തു.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നു പറഞ്ഞ ഷാജി, യുഡിഎഫ് അഴീക്കോട് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ച യോഗത്തിന്റെ മിനുട്സും പണം പിരിച്ച രശീതിയുടെ കൗണ്ടര്‍ ഫോയിലുകളും വിജിലന്‍സിന് കൈമാറിയിരുന്നു.
കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ സ്വത്തുവഹകളുടെയും കൃഷി, ബിസിനസ് പങ്കാളിത്തം എന്നിവയുടെ രേഖകളും കൈമാറി. ഈ രേഖകളിലാണിപ്പോള് അവ്യക്തത നിലനില്‍ക്കുന്നത്.