കെ. ഷിന്റുലാല്‍
കോഴിക്കോട് : സംസ്ഥാനത്തെ ബൂത്തുകമ്മറ്റികളില് സമ്പൂര്‍ണ അഴിച്ചുപണിക്കൊരുങ്ങി ബിജെപി. ലോക്സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബൂത്ത് കമ്മറ്റികളെ പുന:സംഘടിപ്പിക്കുന്നത്.
ഇത് സംബന്ധിച്ച് നാളെ ചേരുന്ന സംസ്ഥാന ഭാരവാഹിയോഗം ആക്ഷന്‍ പ്ലാന്‍ തയാറാക്കുമെന്ന് സംസ്ഥാന ഭാരവാഹികള്‍ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒരു വോട്ടുപോലും നേടാനാവാത്ത ബൂത്തുകളിലാണ് ആദ്യഘട്ടത്തില്‍ നേതൃമാറ്റം നടത്തുക.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് 65000 ല്‍ പരം വോട്ടു നേടിയ മഞ്ചേശ്വരത്തെ രണ്ടു ബൂത്തുള്‍പ്പെടെ 59 നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് പൂജ്യം വോട്ട് ലഭിച്ചത്. ഇത്തരത്തില്‍ സംസ്ഥാനത്ത് 318 ഓളം ബൂത്തുകളാണുള്ളത്.
പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ ഇത്തരം ബൂത്തുകളുടെ ചുമതലക്കാര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ച് ജില്ലാ കമ്മിറ്റികളോട് സംസ്ഥാന നേതൃത്വം നേരത്തെ തന്നെ വിശദീകരണം തേടിയിരുന്നു.
ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ബൂത്ത് കമ്മിറ്റി പുന:സംഘടപിക്കുന്നത്. ബൂത്തുകളുടെ ചുമതല വഹിച്ച നേതാക്കളെയെല്ലാം മാറ്റി പുതിയ ഭാരവഹികള്‍ക്ക് ചുമതല നല്‍കും.
ലോക്സഭാതെരഞ്ഞെടുപ്പില്‍ ആറ് സീറ്റിലെങ്കിലും വിജയിക്കണമെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന നേതൃത്വം ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നത്.
തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍, കാസര്‍ഗോഡ് എന്നീ മണ്ഡലങ്ങളിലാണ് കൂടുതലായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ഈ മണ്ഡലങ്ങളിലെ ബൂത്തുകളില്‍ നിയമസഭാതെരഞ്ഞെടുപ്പിന് ലഭിച്ച വോട്ടുകളും നേരത്തെ നടന്ന തെരഞ്ഞെടുപ്പുകളിലെ വോട്ടുകള്‍ തമ്മില്‍ താരമത്യം ചെയ്യും.
തുടര്‍ന്ന് സംസ്ഥാന ഭാരവാഹികള്‍ക്ക് ഓരോ മണ്ഡലങ്ങളുടേയും ചുമതല നല്‍കും. തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം അവശേഷിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ തന്നെ ബൂത്ത്തല പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ദേശീയ നേതൃത്വവും നിര്‍ദേശിച്ചിട്ടുള്ളത്.