തിരുവനന്തപുരം: കിറ്റെക്സില്‍ നടത്തിയ പരിശോധനകള്‍ നിയമപരമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. പരിശോധനകള്‍ ന്യായവും നിയമപരവുമാണ്.
കോടതികളടക്കമുള്ള സംവിധാനങ്ങളുടെ നിര്‍ദേശമനുസരിച്ചാണ് പരിശോധന നടത്തിയത്. സര്‍ക്കാരോ വകുപ്പോ മുന്‍കൈയെടുത്ത് ബോധപൂര്‍വം പരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാര്‍ലമെന്റ് അംഗമായ ബെന്നി ബഹ്നാന് നല്കിയ പരാതി, പി. ടി. തോമസ് എംഎല്‍എ ഉന്നയിച്ച ആരോപണം, വനിതാ ജീവനക്കാരിയുടെ പേരില്‍ പ്രചരിച്ച വാട്ട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഉള്‍പ്പെടെ നല്കിയ നിര്‍ദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് നടന്നത്.
ഈ പരിശോധനകളില്‍ ഏതെങ്കിലും പരാതിയുള്ളതായി കിറ്റക്സ് മാനേജ്മെന്റ് വ്യവസായ വകുപ്പ് ഉള്‍പ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
പരിശോധനാ വേളയില്‍ സ്ഥാപന ഉടമയോ പ്രതിനിധികളോ തടസമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പരിശോധനക്ക് നേതൃത്വം നല്കിയ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിനും സര്‍ക്കാരിനുമെതിരെ അതീവ ഗൗരവതരമായ കാര്യങ്ങളാണ് പ്രചരിപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.