മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പേസ് ബൗളർ ജയിംസ് ആൻഡേഴ്സണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1,000 വിക്കറ്റ് എന്ന നേട്ടത്തിൽ.
കൗണ്ടി ക്രിക്കറ്റിൽ ലങ്കാഷെയറിനായി കെന്റിനെതിരായ മത്സരത്തിലാണ് ആൻഡേഴ്സണ് ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ 24 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയപ്പോഴാണ് ജിമ്മി എന്നറിയപ്പെടുന്ന ആൻഡേഴ്സണ് കരിയറിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടത്.
ഈ നൂറ്റാണ്ടിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1,000 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിടുന്ന 14-ാമത് ക്രിക്കറ്റ് താരമാണ് മുപ്പത്തൊന്പതുകാരനായ ആൻഡേഴ്സണ്.
2005ൽ ആൻഡി കാഡിക്ക് ഈ നേട്ടം സ്വന്തമാക്കിയശേഷം 1,000 ക്ലബ്ബിലെത്തുന്ന ആദ്യ ഫാസ്റ്റ് ബൗളറുമാണ്. മാർട്ടിൻ ബിക്നെൽ (2004), ഡെവോണ്‍ മാൽക്കം (2002), വസിം അക്രം (2001) എന്നിവരാണ് ഈ നൂറ്റാണ്ടിൽ 1000 വിക്കറ്റ് ക്ലബ്ബിൽ ഇടംപിടിച്ച മറ്റ് ഫാസ്റ്റ് ബൗളർമാർ.