പാലക്കാട് : ഒറ്റപ്പാലത്തെ വിദ്യാർത്ഥിയോട് ഫോണിലൂടെ അപക്വമായും അപമര്യാദയായും ഭീഷണി സ്വരത്തിലും സംസാരിച്ച എം.
മുകേഷ് എം എൽ എ പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് വി കെ ശ്രീകണ്ഠൻ എംപി.വിദ്യാർത്ഥിയുടെ ഒറ്റപ്പാലം പാലപ്പുറം മീറ്റ്നയിലുള്ള വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരു അത്യാവശ്യ കാര്യത്തിന് വിളിക്കുകയാണെന്ന് പറഞ്ഞ വിദ്യാർത്ഥിയോട് കാര്യമെന്താണെന്ന് ചോദിക്കാനുള്ള മനുഷ്യത്വം കാണിക്കാതിരുന്നത് ഒരു ജനപ്രതിനിധിക്ക് ഒട്ടും ചേർന്നതല്ല.
കുട്ടി മറ്റെന്തെങ്കിലും അപകടകരമായ സാഹചര്യത്തിലാണ് വിളിച്ചതിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു. ഇതെല്ലാം കഴിഞ്ഞ് തന്റെ ഭാഗത്തുനിന്നുണ്ടായ പ്രവർത്തിയിൽ ഒരു ഖേദം പോലും പ്രകടിപ്പിച്ചില്ല.
എന്നുമാത്രമല്ല മറ്റു പാർട്ടികൾ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറഞ്ഞ് വെള്ള പൂശാനും മുകേഷ് ശ്രമിച്ചു. വിദ്യാർത്ഥിയുടെ അച്ഛൻ സിപിഎം പാർട്ടി പ്രവർത്തകനാണെന്ന് തെളിഞ്ഞതോടെ മുകേഷിന്റെ ഈ നാടകം പൊളിഞ്ഞിരിക്കുകയാണെന്ന് ശ്രീകണ്ഠൻ പറഞ്ഞു.
ആ കുട്ടിക്കും സഹപാഠികൾക്കും പഠനത്തിന് ആവശ്യമായ എല്ലാവിധ സഹായങ്ങളും പിന്തുണയും നൽകുമെന്ന് വിദ്യാർത്ഥിയുടെ അമ്മയ്ക്ക് ഉറപ്പുനൽകിയ ശേഷമാണ് വി. കെ ശ്രീകണ്ഠൻ എംപി മടങ്ങിയത്