കാട്ടാക്കട: നെയ്യാർ മാൻപാർക്കിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 10 മാനുകൾ ചത്തു. മാനുകൾ ചത്തത് ശ്വാസകോശത്തിലെ അണുബാധയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ചത്തമാനുകളെ പോസ്റ്റ്മോർട്ടത്തിനായി പാലോട് വെറ്ററിനറി ലാബിൽ കൊണ്ടുപോയെങ്കിലും ഇതേവരെ റിപ്പോർട്ട് കിട്ടിയിട്ടില്ല.
ചത്തമാനുകളുടെ കുളമ്പിലെ വ്രണവും അതുമായി ബന്ധപ്പെട്ട ഇൻഫക്ഷനുമാണ് മരണത്തിലേക്ക് നയിച്ചത്. കോവിഡ് ഫലം നെഗറ്റീവാണ്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ മാനുകളുടെ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ എന്ന് വനം വകുപ്പ് പറയുന്നു.
എന്നാൽ മാൻപാർക്കിനെ ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. വിനോദ സഞ്ചാരവികസനത്തിന്റെ ഭാഗമായി 1995 ലാണ് നെയ്യാർഡാം തുറന്നജയിലിനു സമീപമുള്ള വനംവകുപ്പിന്റെ എട്ട് ഏക്കർ സ്ഥലത്ത് മാൻ പാർക്ക് സ്ഥാപിച്ചത്.
സംബാർ ഇനത്തിൽപ്പെട്ട മാനുകളെയാണ് ഇവിടെ പാർപ്പിച്ചത്. മാൻ പാർക്ക് അടച്ചുപൂട്ടാൻ ശ്രമം നടക്കുന്നതായി വളരെ മുൻപ് തന്നെ നീക്കം നടന്നിരുന്നതായി നാട്ടുകാർ പറയുന്നു.
സൂ അഥോറിറ്റി ഓഫ് ഇന്ത്യയുടെ ചട്ടങ്ങൾക്ക് അനുസൃതമല്ല മാൻപാർക്കെന്നും അതിനാൽ തന്നെ അടച്ചുപൂട്ടൽ വേണ്ടിവരുമെന്നുമാണ് വനം വകുപ്പ് പറഞ്ഞിരുന്നത്.അത് മാനുകൾ ചത്തതിന്റെ പശ്ചാത്തലത്തിൽ നടപ്പിലാക്കുമോ എന്നാണ് ആശങ്ക ഉയർന്നിരിക്കുന്നത്.