കൊച്ചി: ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വാത്തുരുത്തി മേഖലയില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശി തുഷാര്‍(19) ആണ് മരിച്ചത്.
ഇന്നു പുലര്‍ച്ചെ മൂന്നോടെ നാവിക സേനയുടെ സുരക്ഷാ പട്രോളിംഗിനിടെ ജിവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ശരീരത്തില്‍നിന്നും ഒരു ബുള്ളറ്റ് കണ്ടെത്തിയിട്ടുണ്ട്.
തുഷാര്‍ തനിച്ചാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. സ്വയം വെടിവച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ നാവികസേന അന്വേഷണം ആരംഭിച്ചു. മൃതദേഹം ഐഎന്‍എസ് സഞ്ജീവനിയിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് ഹാര്‍ബര്‍ പോലീസും അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. തുഷാര്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയതാകാം എന്നാതാണ് പോലീസിന്റെയും പ്രാഥമിക നിഗമനം.
ഇയാള്‍ക്ക് ജോലി സംബന്ധമായ മറ്റ് മാനസിക സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കും. സംഭവസ്ഥലത്തു മറ്റു തരത്തിലുള്ള സംഘര്‍ഷങ്ങള്‍ നടന്നതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
കാശ്മീരിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ നാവിക ആസ്ഥാനത്ത് ഡ്രോണ്‍ കണ്ടതായി ജീവനക്കാരന് സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് ഡ്രോണ്‍ അല്ലെന്ന് തെളിഞ്ഞിരുന്നു.
കൂടാതെ കേന്ദ്ര പ്രതിരോധ മന്ത്രി കഴിഞ്ഞ ആഴ്ച നേവി സന്ദര്‍ശിച്ച് മടങ്ങിയതിന് പിന്നാലെ സൈനിക വേഷത്തിലെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവാവ് നേവല്‍ ബേസിനുള്ളില്‍ കടന്നിരുന്നു.
ഈ രണ്ട് സംഭവങ്ങള്‍ക്ക് പിന്നാലെ നേവി സുരക്ഷ വര്ധിച്ചിപ്പിരുന്നു.ഇതുമൂലമുള്ള മാനസികല സമ്മര്‍ദങ്ങളാണോ സംഭവത്തിനു പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്.