കോട്ടയം: നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷം. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കൾ വിഹരിക്കുകയാണ്. കാൽനടയാത്രക്കാരേയും ഇരു ചക്രവാഹനയാത്രക്കാരെയും ആക്രമിക്കുന്നതും പതിവായി.
ഇന്നലെ തിരുനക്കര ബസ്റ്റാൻഡ് പരിസരത്തു കൂടി യാത്ര ചെയ്തിരുന്ന കർഷക കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ എബി ഐപ്പിന് തെരുവുനായയുടെ കടിയേറ്റു.
എബി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നഗരത്തിലെ സ്ഥിരം സഞ്ചാരിയായ എബി ഇന്നലെ ഉച്ചയ്ക്ക് തിരുനരക്കയിലൂടെ നടന്ന പോകവേ നായ ഓടിവന്ന് കടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിലെത്തിയ യാത്രക്കാരിയേയും നായ അക്രമിച്ചു. ടിബി റോഡിലൂടെ നടന്നു പോകുകയായിരുന്നു ലോട്ടറി തൊഴിലാളിക്കു നേരേയും നായയുടെ അക്രമണമുണ്ടായി.
തെക്കുംഗോപുരം, സിവിൽ സ്റ്റേഷൻ പരിസരങ്ങളിൽ രാത്രികാലങ്ങൾ നായ്ക്കൾ കൂട്ടത്തോടെ തന്പടിക്കുകയാണ്. രാത്രി ഇതുവഴിയെത്തുന്ന ഇരുചക്ര വാഹനയാത്രക്കാർക്കു നേരേയാണ് നായകളുടെ അക്രമണം. പുലർച്ചെ നടക്കാനിറങ്ങുന്നവരെയും നായകൾ വെറുതെ വിടുന്നുല്ലി.
തിരുനക്കര, നാഗന്പടം ബസ് സ്റ്റാൻഡ് പരിസരത്ത് തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തിയിരിക്കുകയാണ്. മാർക്കറ്റ്, റെയിൽവേ സ്റ്റേഷൻ, ഗുഡ്സ് റോഡ്, തെക്കും ഗോപുരം, സിവിൽ സ്റ്റേഷൻ പരിസരം, ടിബി റോഡ് തുടങ്ങിയിടങ്ങളിലും നാഗന്പടം മൈതാനം, തിരുനക്കര മൈതാനം, കുര്യൻ ഉതുപ്പ് റോഡ്, മുനിസിപ്പൽ മൈതാനം എന്നിവിടങ്ങളിലെല്ലാം തെരുവുനായക്ക്ൾ വിഹരിക്കുകയാണ്.
ഭക്ഷണ അവശിഷ്ടങ്ങൾ തോടിയിറങ്ങുന്ന നായ്ക്കൾ പരസ്പരം കടികൂടുകയും തുടർന്ന് ആളുകളെ ആക്രമിക്കുകയുമാണ്. തെരുവുനായ ശല്യം പരിഹരിക്കാൻ നഗരസഭ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നഗരവാസികളും വ്യാപാരികളും ആവശ്യപ്പെട്ടു.