കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്ജുന് ആയങ്കി രാഷ്ട്രീയ പാര്‍ട്ടി ബന്ധം ഉയര്‍ത്തിക്കാട്ടി സോഷ്യല്‍ മീഡിയ വഴി കൂടുതല്‍ യുവാക്കളെ സ്വര്‍ണക്കടത്തിലേക്കും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും ആകര്‍ഷിച്ചതായി കസ്റ്റംസ്.
കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഇന്നലെ അര്ജുന് ആയങ്കിയെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കസ്റ്റംസ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും കസ്റ്റംസ് അറിയിച്ചു.
അതേസമയം, അര്ജുന് ആയങ്കിയെ വീണ്ടും കസ്റ്റഡിയില്‍ വിടണമെന്ന കസ്റ്റംസിന്റെ ആവശ്യം കോടതി തള്ളി. നിലവില്‍ അനുവദിച്ച കസ്റ്റഡി കാലാവധി, അന്വേഷണം പൂര്‍ത്തിയാക്കാന്‍ മതിയാവുമെന്നും കൂടുതല്‍ കസ്റ്റഡി ആവശ്യമില്ലെന്നും നിരീക്ഷിച്ചാണ് കോടതി കസ്റ്റഡി അപേക്ഷ നിരസിച്ചത്.
ചോദ്യംചെയ്യലിനിടെ കസ്റ്റംസ് തന്നെ നഗ്നനാക്കി മര്‍ദിച്ചെന്ന് അര്ജുന് ആയങ്കി കോടതിയില്‍ അറിയിച്ചു. ഹാജരായി രണ്ടാം ദിവസമാണ് തന്നെ മര്‍ദിച്ചതെന്നും അര്ജുന് പറഞ്ഞു.
അവിടെ സിസിടിവി ഇല്ലേ എന്ന കോടതിയുടെ ചോദ്യത്തിന് സൂപ്രണ്ടിന്റെ മുറിയിലിട്ടാണ് മര്‍ദിച്ചത് എന്നായിരുന്നു പ്രതിയുടെ മറുപടി. ഇതിനു ശേഷമാണ് കസ്റ്റഡി ആവശ്യം കോടതി നിരസിച്ചത്.
അര്ജുന് നല്കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഹമ്മദ് ഷാഫി, അര്‍ജുന്റെ ഭാര്യ അമല അര്ജുന് എന്നിവര്‍ നല്കിയ മൊഴികള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് അര്ജുന് പറഞ്ഞത്.