കുമരംപുത്തൂർ: മണ്ണാർക്കാട് എംഇഎസ് കോളേജ് പയ്യനെടം റോഡിൽ ടാറിംഗ് പ്രവൃത്തികൾ തുടങ്ങി. കഴിഞ്ഞ ദിവസമാണ് ടാറിങ് പ്രവൃത്തികൾ ആരംഭിച്ചത്.
കുമരംപുത്തൂർ കല്ലടി ഇംഗ്ലീഷ് മീഡിയം സ്കൂൾ മുതൽ ബംഗ്ലാവുകുന്ന് വരെയാണ് ആദ്യഘട്ടത്തിലെ ടാറിംഗ്. അഴുക്കുചാൽ കീറുന്നതിനുപകരം റോഡിന് മുകളിൽ നിർമ്മിക്കുകയും തുടർന്ന് റോഡോരത്തുള്ളവർ ഒരു മീറ്ററിലധികം താഴ്ച്ചയിലാവുകയും ചെയ്തിരുന്നു.
വിഷയം വിവാദമായതോടെ അഴുക്കുചാൽ നിർമാണത്തിൽ അശാസ്ത്രീയത ആരോപിച്ചു പരാതി നൽകുകയും കിഫ്ബി നിർമാണ പ്രവൃത്തികൾക്കു സ്റ്റോപ്പ് മെമ്മോ നൽകുകയുമായിരുന്നു. തുടർന്ന് ഒരു വർഷത്തിലേറെക്കാലം മുടങ്ങിക്കിടന്ന റോഡ് നവീകരണം ഹൈക്കോടതി ഇടപെടലിലൂടെയാണ് ഇപ്പോൾ പുനരാരംഭിച്ചത്.
എംഇഎസ് കോളജ് പയ്യനെടം റോഡ് വിഷയത്തിൽ മൂന്നു തവണയാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.10 കിലോമീറ്ററോളം വരുന്ന റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തി 16.5 കോടിരൂപ ചിലവഴിച്ചാണ് നിർമാണ പ്രവൃ ത്തികൾ നടക്കുന്നത്.
കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മുസ്തഫ വറോടൻ, പി.എം നൗഫൽ തങ്ങൾ, സഹദ് അരിയൂർ, പഞ്ചായത്തംഗം റസീന വറോടൻ തുടങ്ങിയവർ റോഡ് പ്രവൃത്തി വിലയിരുത്താൻ സ്ഥലം സന്ദർശിച്ചു.