അസുഖബാധിതയായി കിടക്കുന്ന മുത്തശ്ശിയെ സന്ദർശിക്കുന്ന കുരങ്ങിന്റെ വീഡിയോ വൈറലാകുന്നു.
ഈ മുത്തശ്ശി പതിവായി കുരങ്ങന് ആഹാരം കൊടുക്കാറുണ്ടായിരുന്നത്രേ. പക്ഷേ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവർ രോഗബാധിതയാവുകയും കിടപ്പിലാവുകയും ചെയ്തു.
അതുകൊണ്ടു തന്നെ കുരങ്ങന് ഭക്ഷണം കൊടുക്കാൻ അവർക്ക് സാധിച്ചിരുന്നില്ല.
തന്നെ പോറ്റിയിരുന്ന മുത്തശ്ശിയെ കാണാത്തതിനാൽ അവര്ക്കെന്തുപറ്റിയെന്ന് കുരങ്ങന് അന്വേഷിച്ചു വരുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ കാണുന്നത്.
കട്ടിലിൽ കിടക്കുന്ന വയോധികയുടെ അരികിൽ കുരങ്ങന് ഇരിക്കുന്നത് വീഡിയോയിൽ കാണാം. തൊട്ടടുത്തു തന്നെ മറ്റൊരു സ്ത്രീയും നിൽക്കുന്നുമുണ്ട്.
അവർ കൈകൾ കൂപ്പി പുഞ്ചിരിച്ചു നിൽക്കുകയാണ്. വയോധിക സ്നേഹപൂർവ്വം കുരങ്ങനെ തലോടുമ്പോൾ കുരങ്ങനാകട്ടെ ആ തലോടൽ ആസ്വദിച്ച് മുത്തശ്ശിയെ ആലിംഗനം ചെയ്യുന്നു.
തുടർന്ന് കുരങ്ങൻ അവരുടെ ശരീരത്തിൽ കയറി ഇരിക്കുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.