കോട്ടയം: ടിപിആർ അനുസരിച്ച് ഇളവുകൾ അനുവദിച്ചതോടെ നഗരത്തിൽ ഉത്രാടപാച്ചിൽ പോലെ തിരക്കും ഗതാഗതക്കുരുക്കും.
ആളുകൾ കൂട്ടം കൂടുന്നതോടെ പലയിടത്തും സാമൂഹിക അകലം കാറ്റിൽ പറന്നു. മാസ്ക് ധരിക്കാതെയും കൈകൾ സാനിറ്റൈറസ് ചെയ്യാതെയും കോവിഡ് മാനദണ്ഡങ്ങൾ പരക്കെ ലംഘിക്കപ്പെടുകയാണ്.
സെക്ടറൽ മജിസ്ട്രേറ്റുമാരുടെയും പോലീസിന്റെ നേതൃത്വത്തിലുള്ള പരിശോധനയും നിലച്ചു.
തിങ്കൾ, വെള്ളി ദിവസങ്ങളിലാണ് നഗരത്തിൽ ഉത്രാട ദിവസത്തെ പാച്ചിൽ പോലെ തിരക്ക് അനുഭവപ്പെടുന്നത്. വാരാദ്യ ലോക്ഡൗൺ കഴിഞ്ഞുവരുന്ന ദിനമായതിനാലാണ് തിങ്കളാഴ്ച തിരക്ക്.
ശനിയും ഞായറും സന്പൂർണ ലോക്ഡൗണായതിനാൽ വെള്ളിയാഴ്ചയും ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുകയാണ്. തിങ്കളും വെള്ളിയും കഴിഞ്ഞാൽ ബുധനാഴ്ച ദിവസമാണ് തിരക്കേറെ.
ഇന്നലെ നഗരത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ വലിയ തിരക്കും ആൾക്കൂട്ടവുമായിരുന്നു. സ്വകാര്യ വാഹനങ്ങളുടെ തിരക്കാണ് കൂടുതലും. വ്യാപാരസ്ഥാപനങ്ങളിൽ സാധന സാമഗ്രികൾ വാങ്ങാനെത്തുന്നവരാണ് കൂടുതൽ ആളുകളും.
കെകെ റോഡിൽ കഞ്ഞിക്കുഴി, മണർകാട്, സെൻട്രൽ ജംഗ്ഷൻ, എംസി റോഡിൽ നാഗന്പടം, ബേക്കർ ജംഗ്ഷൻ, ടിബി റോഡ് എന്നിവിടങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ തിരക്കായിരുന്നു.
പല സമയത്തേയും ഗതാഗതക്കുരുക്ക് കിലോമീറ്ററോളം നീണ്ടു. ബാങ്കുകൾക്ക് പ്രവൃത്തി ദിനമായ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ നഗരങ്ങളിൽ നല്ല തിരക്കാണ്.
ബാങ്ക് ഇടപാടുകൾ നടത്തുന്നതിനായി സ്വകാര്യ വാഹനങ്ങളിൽ ആളുകൾ കൂട്ടത്തോടെ എത്തുന്നതോടെ ബാങ്ക് പരിസരത്ത് ഗതാഗതക്കുരുക്കാണ്.
സ്വകാര്യ, പ്രൈവറ്റ് ബസുകളിൽ രാവിലെയും വൈകുന്നേരവും നല്ല തിരക്കാണ്. ചില റൂട്ടുകളിൽ ബസുകളിൽ ആളുകളെ കുത്തിനിറച്ചു പോകുന്നതായും പരാതിയുണ്ട്.
ബസ്സ്റ്റോപ്പുകളിലും ബസ്സ്റ്റാൻഡുകളിലും ചില സമയങ്ങളിൽ ആൾക്കൂട്ടങ്ങളുണ്ട്. ബീവറേജസ് കോർപറേഷന്റെ ഒൗട്ട്ലെറ്റുകൾക്കു മുന്പിലും വലിയ ക്യൂവും തിരക്കുമാണ്.
ഇവിടങ്ങളിലേക്കു വാഹനങ്ങൾ കൂട്ടത്തോടെ എത്തുന്നതും തിരക്കിനു കാരണമാകുന്നു. കടകൾ തുറക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതിനു മുന്പ് സാധനങ്ങൾ വാങ്ങാനെത്തുന്നതും തിരക്ക് വർധിക്കുന്നതിനു കാരണമാകുന്നുണ്ട്.