കെ. ഷിന്റുലാല്‍
കോഴിക്കോട് : കോവിഡും ലോക്ഡൗണും തീര്‍ത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പോലീസില്‍ ധൂര്‍ത്ത് വിവാദം. പാസിംഗ് ഔട്ട് പരേഡിലും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പോലീസിന്റെ പരിപാടികളിലും മറ്റു പരേഡുകളിലും ഉപയോഗിക്കുന്നതിനായി പുതിയ പതാക ഡിസൈന്‍ ചെയ്തു തയാറാക്കാനാണ് തീരുമാനിച്ചത്.
വിരമിച്ച ഡിജിപി ലോക്നാഥ് ബഹ്റയാണ് പതാക മാറ്റുന്നതു സംബന്ധിച്ച് തീരുമാനമെടുത്തത്. തുടര്‍ന്ന് ആഭ്യന്തരവകുപ്പ് ഇക്കാര്യം പരിഗണിക്കുകയും പുറത്ത് ഉപയോഗിക്കാനായി പുതിയ പതാക ഡിസൈന്‍ ചെയ്ത് തയാറാക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സിഐ, ഡിവൈഎസ്പി, എസ്പി, ഡിഐജി, ഐജി, എഡിജിപി, ഡിജിപി ഓഫീസുകളിലേക്കും വിവിധ ബറ്റാലിയനുകളിലെ ഓരോ ഓഫീസര്‍മാരുടെ ഓഫീസുകളിലേക്കും പതാക ഉടന്‍ വാങ്ങാനാണ് തീരുമാനം.
ഇപ്രകാരം 2000ത്തോളം വിഭാഗങ്ങളിലേക്കു പതാക വാങ്ങേണ്ടതായി വരും. എന്നാല്‍ പുതിയ പതാക ഡിസൈന്‍ ചെയ്യാനും മറ്റും ഏതു കമ്പനിക്കാണ് അനുമതി നല്‍കിയതെന്നത് വ്യക്തമല്ല.
പുറത്തെ പതാക
സേനയുടെ ഏകീകൃത സ്വഭാവം നിലനിര്‍ത്താനാണ് പുതിയ പതാകയെന്നാണ് ഔദ്യോഗിക ഭാഷ്യം. പുറത്ത് ഉപയോഗിക്കുന്ന പതാകയും പോലീസ് സ്റ്റേഷന് അകത്ത് ഉപയോഗിക്കുന്ന പതാകകളും വ്യത്യസ്ത ഡിസൈനുകളിലാണ് തയാറാക്കുന്നത്.
പുറത്ത് ഉപയോഗിക്കാൻ പതാക ദീര്‍ഘ ചതുരകൃതിയിലാണ് . കടുംനിലയും ചുവപ്പും ഗോള്‍ഡന്‍ നിറവും ഉള്‍പ്പെടുത്തിയാണ് പതാക ഡിസൈന്‍ ചെയ്തത്.
4 – 2.5 ഇന്‍ഞ്ചാണ് പതാകയുടെ നീളവും വീതിയും. വലിയ പതാകകള്‍ ആവശ്യമായുള്ളപ്പോള് നിലവിലുള്ള അളവുകള്‍ അടിസ്ഥാനമാക്കി നിര്‍മിക്കാം.
ദീര്ഘചതുരകൃതിയിലുള്ള പതാകയില്‍ നീലവും ചുവപ്പും നിറങ്ങള്‍ ഒരേ അളവിലാണ് ഉപയോഗിക്കുക. പതാകയുടെ ബോര്‍ഡറായി ഗോള്‍ഡന്‍ നിറത്തില്‍ രണ്ടു സെന്റീമീറ്റര്‍ വീതിയില്‍ പ്രത്യേക ലൈനുണ്ടാവും.
ഗോള്‍ഡന്‍ നിറത്തില്‍ ആലേഗനം ചെയ്ത കേരള പോലീസിന്റെ ചിഹ്നം നീല നിറത്തിലുള്ള ഭാഗത്തിന്റെ മധ്യത്തിലായി പതിക്കും. ലോഗോയ്ക്ക് താഴെ കേരള പോലീസ് എന്ന് ഗോള്‍ഡന്‍ നിറത്തില്‍ എഴുതുകയും ചെയ്യും.
എന്നാല്‍, ദ്രുതഗതിയില്‍ പതാകമാറ്റുന്നത് എന്തിനാണെന്ന ചോദ്യമാണ് സേനയില്‍ ഉയരുന്നത്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലീസിലെ പുതിയ പതാക പരിഷ്കാരം സര്‍ക്കാരിനും ബാധ്യതയായി മാറും.
ഈ സാഹചര്യത്തിലാണ് പോലീസിനുള്ളിലെ ധൂര്‍ത്ത് സംബന്ധിച്ചു സേനക്കകത്തും പുറത്തും വിവാദമായി ഉയരുന്നത്.
പെയിന്റ് അടിക്കൽ
നേരത്തെ എല്ലാപോലീസ് സ്റ്റേഷനുകളില്‍ ഓരേ കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന് മുന്‍ ഡിജിപി ഉത്തരവിറക്കിയിരുന്നു. ഇത് ഏറെ വിവാദമാവുകയും വിജിലന്‍സ് കോടതി വരെ വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു.
പിന്നീട് ഇതു നടപ്പാക്കിയിരുന്നില്ല. പ്രത്യേക കമ്പനിയുടെ തുണികൊണ്ടുള്ള യൂണിഫോം മാത്രം ഉപയോഗിക്കണമെന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില ജില്ലാ പോലീസ് മേധാവിമാര്‍ നിര്‍ദേശിച്ചിരുന്നു.
എസ്കുമാര്‍ കമ്പനിയുടെ ‘തല്‍വാര്‍ ഓഫീസേഴ്സ് ചോയ്സ്’ യൂണിഫോം ഉപയോഗിക്കണമെന്നായിരുന്നു നിര്‍ദേശം. ഇതും വിവാദമായതോടെ ഒഴിവാക്കി. ഇതിന് പിന്നാലെയാണ് വീണ്ടും പതാകയുടെ രൂപത്തില്‍ പുതിയ പരിഷ്കരണമെത്തിയത്.