കലവൂർ: മദ്യപനായ യുവാവിനെതിരേ വീട്ടമ്മമാർ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് പാതിരപ്പള്ളി കരിങ്ങാട്ടക്കുഴി നിവാസികളായ അൻപതോളം സ്ത്രീകളാണ് സമാധാനത്തോടെ ജീവിക്കാൻ കഴിയണം എന്ന അപേക്ഷയോടെ മണ്ണഞ്ചേരി സിഐ രവി സന്തോഷിന്റെ മുൻപാകെ കണ്ണീരോടെ പരാതിയുമായെത്തിയത്.
സമീപവാസിയായ യുവാവ് പുലത്തറവീട്ടിൽ അഭിജിത്തിനെതിരേയാണ് പ്ലസ് ടു വിദ്യാർഥികൾ മുതൽ വയോധികരായ വീട്ടമ്മമാർ വരെ ശല്യം സഹിക്കാനാകുന്നില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്.
നാട്ടുകാരുടെ പരാതി അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല സുരേഷ് , പഞ്ചായത്ത് അംഗം ടി.പി. ഷാജി എന്നിവർ പരാതിക്കാരെ നേരിൽ കാണാനെത്തിയിരുന്നു.
സ്ത്രീകളുടെ സമാധാന ജീവിതം തകർക്കാൻ ആരു ശ്രമിച്ചാലും കർശനമായ നിലപാട് സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത പറഞ്ഞു.