കൊച്ചി: സാമ്പത്തിക ഇടപാട് സംബന്ധിച്ച വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവറായ യുവാവിനെ സുഹൃത്തുക്കളടങ്ങിയ സംഘം ഇരുമ്പുപൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പോലീസ്.
ഇതിനായി ഇന്നു കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമാണു കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് പ്രതികളെ ഹാജരാക്കിയത്.
ഇടപ്പള്ളി കുന്നുംപുറം സ്വദേശി ഉങ്കശേരി കൃഷ്ണകുമാര്‍ (കണ്ണന്- 32) കൊല്ലപ്പെട്ട സംഭവത്തില്‍ എറണാകുളം എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ ഇടപ്പള്ളി നോര്‍ത്ത് സ്വദേശി വൈമോലില് ബിജോയ് (35), മരട് നെട്ടൂര്‍ സാജിതാ മന്‍സലില്‍ ഫൈസല്‍ മോന് (39), ആലുവ എരമം സ്വദേശികളായ തോപ്പില്‍ ഉബൈദ് (25), ഓളിപ്പറമ്പ് അന്‍സല്‍ (26), ഇടപ്പള്ളി നോര്‍ത്ത് സ്വദേശി ബ്ലായിപ്പറമ്പ് ഫൈസല്‍ (40), ഇടപ്പള്ളി കുന്നുംപുറം വടക്കേടത്ത് സുബിഷ് (38) എന്നിവരെയാണ് ചേരാനെല്ലൂര്‍ പോലീസ് പിടികൂടിയത്.
ഇടപ്പള്ളി അമൃത ആശുപത്രിക്കു പിന്നില്‍ പോണേക്കര പീലിയാട് പുഴയ്ക്കു സമീപം ചൊവ്വാഴ്ച രാവിലെ കൃഷ്ണകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
ഫൈസല്‍ മുഖാന്തിരം ഇയാള്‍ 50,000 രൂപ കടം വാങ്ങിയിരുന്നു. ഇതു തിരികെ കൊടുക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്.
ഫൈസല്‍ ഫോണില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു രാത്രി പീലിയാട് ഭാഗത്തെത്തിയ കൃഷ്ണകുമാറിനെ മറ്റു പ്രതികള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
ഒരു കിലോയോളം ഭാരം വരുന്ന ഇരുമ്പു കമ്പികൊണ്ട് ശരീരത്തിനേറ്റ ശക്തമായ അടിയാണ് കൃഷ്ണകുമാറിന്റെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.