മംഗലം ശങ്കരൻകുട്ടി
ഒറ്റപ്പാലം: വരിക്കാശേരിയിൽ ഇപ്പോൾ ആളനക്കങ്ങളില്ല, സ്റ്റാർട്ടും കട്ടും താരപ്രഭാവങ്ങളും നിലച്ചിരിക്കുന്നു.അഭൗമമായൊരു ശാന്തതയും മോഹിപ്പിക്കുന്നൊരു നിശബ്ദതയുമാണ് മനയിലിപ്പോൾ.
സന്ദർശന വിലക്ക് തുടരുന്ന വരിക്കാശേരി മനയുടെ പടിപ്പുരവാതിൽ തുറന്നുകിട്ടാൻ ഇനിയും കാത്തിരിക്കണ്ടിവരും.ചലച്ചിത്ര അഭ്രപാളികളിൽ മലയാളത്തിന്റെ തിടന്പേന്തി നിൽക്കുന്ന വരിക്കാശേരി മനയിലേക്കു സന്ദർശകർ ഒറ്റയ്ക്കും കൂട്ടായും എത്താൻ തുടങ്ങിയിട്ടു ദിവസങ്ങളായി.
എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ സിനിമാചിത്രികരണവും സന്ദർശകരെയും നിരോധിച്ചിരിക്കുകയാണ്. വിവാഹം അടക്കമുള്ള ഫോട്ടോ ഷൂട്ടുകൾക്കും അനുമതിയില്ല.
മന കാണാൻ എത്തുന്നവർ നിരാശയോടെ പുറമേനിന്ന് വരിക്കാശേരിയുടെ സൗന്ദര്യം നുകർന്നു മടങ്ങുകയാണിപ്പോൾ. മനയുടെ അറ്റകുറ്റപ്പണികൾ നടത്തി മര ഉരുപ്പടികളിൽ ചിതൽ വരാതിരിക്കാനുള്ള പെയിന്റിംഗും മറ്റു സംരക്ഷണ പ്രവർത്തനങ്ങളുമാണിപ്പോൾ നടക്കുന്നത്.
ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് അടച്ചിടൽ മൂലം കോവിഡ് കാലം വരിക്കാശേരി മനയ്ക്കു സമ്മാനിച്ചത്.വരിക്കാശേരിയുടെ പൂമുഖത്തു “മംഗലശേരി നീലകണ്ഠനി’രുന്ന കസേരയും നീക്കം ചെയ്തിരിക്കുന്നു. അന്യഭാഷകളടക്കം മൂന്നൂറിലേറെ സിനിമകൾ ഉയിർകൊണ്ട ഭൂമികയാണിത്. വള്ളുവനാടൻ ദൃശ്യസൗന്ദര്യം മുഴുവൻ സമന്വയിച്ച വേദി.
മനയ്ക്കു പുറത്ത് വിശാലമായ നെൽവയലാണ്. കാഴ്ചകളെ മറച്ച് മതിൽക്കെട്ടുകളുണ്ടങ്കിലും ഒരു സെൽഫിയെങ്കിലുമെടുക്കാതെ ഇവിടെയെത്തുന്നവർ മടങ്ങാറില്ല. ഈ പടിപ്പുരയുടെ വാതിൽ എന്നു തുറക്കുമെന്ന് കാത്തിരിക്കുകയാണ് സന്ദർശകർ.