കൊല്ലം: ഊഴായിക്കോട്ട് നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ രേഷ്മയെ ജയിലിൽ ചോദ്യം ചെയ്ത് പോലീസ്.
ആര്യയും ഗ്രീഷ്മയും കബളിപ്പിച്ചെന്ന കാര്യം പോലീസ് രേഷ്മയെ അറിയിച്ചു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ രേഷ്മ പൊട്ടിക്കരഞ്ഞു.
ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ വർക്കലയിൽ പോയിരുന്നു. എന്നാൽ സുഹൃത്തിനെ കാണാനാകാതെ മടങ്ങിയെന്നും രേഷ്മ പറഞ്ഞു. ഗർഭിണിയായിരുന്ന കാര്യം ചാറ്റിംഗിൽ സൂചിപ്പിച്ചില്ലെന്നും രേഷ്മ പോലീസിന് മൊഴി നൽകി.
അടുത്തിടെ ഇത്തിക്കരയാറ്റിൽ ചാടി ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമാണ് വ്യാജ അക്കൗണ്ട് വഴി കാമുകനെന്ന പേരില്‍ രേഷ്മയെ കബളിപ്പിച്ചത്.
അനന്തു എന്ന പേരിൽ വ്യാജമായി സൃഷ്ടിച്ച പ്രൊഫൈൽ വഴിയായിരുന്നു ഇരുവരും ചാറ്റ് ചെയ്തിരുന്നത്. ഈ അക്കൗണ്ടിൽ നിന്ന് രേഷ്മയ്ക്ക് കോളുകളൊന്നും വന്നിരുന്നില്ല.
രേഷ്മ ഗർഭിണിയാണെന്ന് മനസിലാക്കി കുഞ്ഞിനെ ഉപേക്ഷിക്കാൻ പറഞ്ഞത് യുവതികളാണെന്നാണ് പോലീസ് കണ്ടെത്തൽ.
രേഷ്മയെ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ മറ്റൊരു സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്താണ് പോലീസിന് വിവരങ്ങൾ കൈമാറിയത്.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇരുവരും ജീവനൊടുക്കിയത്. രേഷ്മയുടെ അടുത്ത ബന്ധുക്കളാണ് മരിച്ച യുവതികൾ.